കട്ടപ്പന: കനത്ത മഴയിലും പുറത്തുതൂക്കിയ മരക്കമ്പിൽ പാട്ട വെള്ളവുമായി ശിവൻ നഗ്നപാദനായി ഓടുകയാണ്. കട്ടപ്പന ടൗണിൽ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ പാട്ടയിൽ വെള്ളവും ചുമന്നുള്ള ശിവെൻറ ഓട്ടം 50 വർഷം പിന്നിടുന്നു.
കട്ടപ്പന കല്ലുകുന്ന് മീനത്തേതിൽ എം.കെ. ശിവെൻറ (69) പാട്ടവെള്ളവുമായുള്ള ജീവിത യാത്ര ടൗണിലെ കുടിവെള്ള ക്ഷാമത്തിെൻറ നേർക്കാഴ്ച കൂടിയാണ്. കുടിയേറ്റ ഗ്രാമമായ കട്ടപ്പന ഗ്രാമ പഞ്ചായത്തും പിന്നീട് നഗരസഭയുമായി വളർന്നിട്ടും പലരും ശിവെൻറ പാട്ട വെള്ളത്തെ ഇപ്പോഴും ആശ്രയിക്കുന്നു. ശിവന് തൊഴിൽ നഷ്ടമാകാതിരിക്കാൻ കുടിവെള്ളഷാമം തുണയാകുന്നു എന്ന് പറയുന്നതാണ് ശരി. നഗരവാസികളുടെ ദാഹമകറ്റാനുള്ള ഈ ഓട്ടം ഓരോ ദിനവും അവസാനിക്കുന്നത് രാവേറെ വൈകിയാണ്. ഇതിനിടയിൽ സ്വന്തം ദാഹമകറ്റാൻ ശിവൻ പലപ്പോഴും മറക്കും.
15 വയസ്സു മുതൽ ആവശ്യക്കാർക്ക് വെള്ളം എത്തിച്ചു തുടങ്ങിയതാണ് ശിവൻ. കുഴൽക്കിണറുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തവരും കുറച്ച് വെള്ളത്തിെൻറ ഉപയോഗമുള്ളവരുമാണ് ആവശ്യക്കാരിൽ ഏറെയും. കയറുമായി ബന്ധിച്ച പാട്ടകളിലെ വെള്ളം ഒരു ബലമുള്ള കമ്പിെൻറ ഇരുവശങ്ങളിലും തൂക്കി ചുമക്കുകയാണ് ശിവൻ. കിണറുകൾ, വീടുകൾ, കുഴൽകിണറുകൾ എന്നിവിടങ്ങളിൽനിന്നാണ് വെള്ളം ശേഖരിക്കുക. രണ്ടു പാട്ടകളിലായി വെള്ളം കോരി ദൂരസ്ഥലത്തേക്കോ, ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങളിലേക്കോ എത്തിച്ചു നൽകുമ്പോൾ അവർ നൽകുന്നത് വാങ്ങുകയാണ് പതിവ്.
1970 കളിൽ പതിനഞ്ചാം വയസ്സിലാണ് മാവേലിക്കര സ്വദേശിയായ ശിവൻ കട്ടപ്പനയിൽ എത്തുന്നത്. അന്ന് 15 പൈസയായിരുന്നു രണ്ടുപാട്ട വെള്ളത്തിന് ലഭിച്ചത്. അക്കാലത്ത് ആവശ്യക്കാർ ഏറെയായിരുന്നു. 20 പേർ സ്ഥിരമായും 20 താൽക്കാലികമായും അന്ന് വെള്ളം വിതരണം ചെയ്യുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നു. പിന്നീട് കുഴൽകിണറുകളും മോേട്ടാർ സംവിധാനങ്ങളും എത്തിയതോടെ പാട്ട വെള്ളത്തിന് ആവശ്യക്കാർ കുറഞ്ഞു. എന്നാൽ, സ്ഥിരമായി വെള്ളം എത്തിച്ചുനൽകിയിരുന്നതിനാൽ ശിവെൻറ പാട്ടവെള്ളത്തിന് ഇപ്പോഴും ആവശ്യക്കാരുണ്ട്. ശാന്തയാണ് ഭാര്യ. മക്കൾ: രമ്യ, രശ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.