കട്ടപ്പന: കോവിഡ് ജീവിതത്തെയും കായികരംഗത്തെയും പ്രതിസന്ധിയിലാക്കിയപ്പോൾ അതിനെ അതിജീവിക്കാൻ തൂമ്പയെടുക്കാൻ മടിക്കാതെ കേരളത്തിെൻറ ദേശീയ കായികതാരങ്ങൾ. കായികാധ്വാനത്തില്നിന്ന് ലഭിക്കുന്ന മാനസിക ഉല്ലാസവും കോവിഡ് പ്രതിസന്ധി ഏല്പിച്ച സാമ്പത്തിക പ്രശ്നങ്ങളുമാണ് ഇവരെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കിയത്.
ദേശീയ മെഡല്‍ കരസ്ഥമാക്കിയ ഇടുക്കിയുടെ അഭിമാനതാരങ്ങളായ അഞ്ജലി ജോസഫ്, ആതിര ശശി, ഗീതു മോഹനന് എന്നിവരാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പ്രതിസന്ധിയിലും തളരാതെ മുന്നേറുന്നത്.
കായിക മത്സരങ്ങളില്‍ വാരിക്കൂട്ടിയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഇരട്ടയാര്‍ ശാന്തിഗ്രാം സ്വദേശികളായ ഈ കായികതാരങ്ങള്‍ക്ക് മണ്ണില്‍ പണിയെടുക്കാന്‍ തടസ്സമായില്ല. മുളങ്കൊമ്പില്‍ ജോസ്-ഫിലോമിന ദമ്പതികളുടെ മകളായ അഞ്ജലി 2013ല്‍ ബ്രസീലില്‍ നടന്ന സ്കൂള്‍ ഒളിമ്പിക്സിലെ ഹര്‍ഡില്‍സില്‍ വെള്ളി മെഡല്‍ ജേതാവാണ്.
ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസില്‍നിന്ന് ഹൈസ്കൂള്‍ പഠനശേഷം കോട്ടയം എം.ഡി സെമിനാരിയില്‍ ഹയര്‍ സെക്കന്‍ഡറിയും തുടര്‍ന്ന് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍നിന്ന് എം.എ ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടി. ആതിര ശശിയും ഗീതു മോഹനനും 800, 1500 മീറ്റര്‍ ദീര്‍ഘദൂര ഇനങ്ങളില്‍ താരങ്ങളായിരുന്നു. ചേറാടിയില്‍ മോഹനന്-വത്സമ്മ ദമ്പതികളുടെ മകളായ ഗീതു പ്ലസ് ടു വരെ ഇരട്ടയാര്‍ സെൻറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിച്ചത്.
ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍നിന്ന് എം.കോമില് ബിരുദാനന്തര ബിരുദം നേടി. മൂങ്ങാക്കുഴിയില്‍ ശശി-ഉഷ ദമ്പതികളുടെ മകളായ ആതിര ഇരട്ടയാര്‍ സെൻറ് തോമസ് സ്കൂളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനത്തിനുശേഷം പാലാ അല്‍ഫോൻസ കോളജില്‍നിന്ന് എം.എ പൊളിറ്റിക്സില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി.
ഇരുവരും 2015 ല്‍ മംഗളൂരുവിൽ നടന്ന ആറ് കി.മീ. ക്രോസ് കണ്ട്രിയില് സ്വര്‍ണവും 2017 ല്‍ ഗുണ്ടൂരില്‍ നടന്ന 10 കി.മീ. ക്രോസ് കൺട്രിയില് വെള്ളിയും നേടി. വൈകീട്ട് തൊഴിലുറപ്പ് പണികള്‍ക്കുശേഷം ഇവര്‍ വീണ്ടും പതിവ് പരിശീലനത്തിന് ട്രാക്കിൽ ഇറങ്ങും.
തൊഴിലുറപ്പില്‍നിന്ന് ലഭിക്കുന്ന വരുമാനം പരിശീലനത്തിന് ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിന് ചെലവഴിക്കുമെന്ന് ഇവര്‍ പറയുന്നു. കേരള സര്‍ക്കാര്‍ സ്പോര്‍ട്സ് േക്വാട്ടയില്‍ നിയമനം പ്രതീക്ഷിച്ചിരിക്കുകയാണ് മൂവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.