കട്ടപ്പന: അയൽരാജ്യങ്ങളിൽനിന്ന് നിലവാരം കുറഞ്ഞ തേയിലപ്പൊടിയുടെ ഇറക്കുമതിയെത്തുടർന്ന് ഇന്ത്യൻ തേയിലയുടെ പച്ചക്കൊളുന്തിെൻറ വില ഇടിയുന്നു. കെനിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നികുതിയില്ലാതെയാണ് ഇന്ത്യയിലേക്ക് ഗുണനിലവാരം കുറഞ്ഞ തേയിലപ്പൊടി ഇറക്കുമതി ചെയ്യുന്നത്. ഇത് ചെറുകിട തേയില കർഷകർക്ക് തിരിച്ചടിയായി.
പ്രതിസന്ധി രൂക്ഷമായതോടെ കർഷകർ തേയില ബോർഡ് ഓഫിസിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
കിലോക്ക് 32 രൂപയിൽനിന്ന് 11 രൂപയായാണ് പച്ചക്കൊളുന്തിെൻറ വില ഇടിഞ്ഞത്. പശ്ചിമബംഗാൾ, ത്രിപുര, അസം, ഹിമാചൽ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിലും മഞ്ഞു വീഴ്ചയിലും തേയില ഉൽപാദനം കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അയൽരാജ്യങ്ങളിൽനിന്ന് ടൺ കണക്കിന് തേയില ഇറക്കുമതി ചെയ്യുന്നത്.
തേയില ഉൽപാദനത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ പ്രതിവർഷം 139 കോടി കിലോ തേയില ഉൽപാദിപ്പിക്കുന്നുണ്ട്. കെനിയയിൽ കിലോക്ക് 100 രൂപയിൽ താഴെ വില വരുന്ന ഗുണനിലവാരം കുറഞ്ഞ പൊടി 185 രൂപ വിലയുള്ള ഇന്ത്യൻ തേയിലയുമായി കൂട്ടിക്കലർത്തി കയറ്റുമതിയും വിൽപനയും നടത്തുന്നത് രാജ്യാന്തര വിപണിയിൽ ഇന്ത്യൻ തേയിലയുടെ ഡിമാൻഡ് ഇടിയാൻ ഇടയാക്കിയിട്ടുണ്ട്.
കെനിയൻ തേയില എത്തിയതോടെ വൻതോതിൽ തേയിലപ്പൊടി സ്റ്റോക്ക് ഉള്ള ഫാക്ടറികൾ ഒന്നും ചെറുകിട കർഷകരുടെ പച്ചക്കൊളുന്ത് വാങ്ങുന്നില്ല. തേയില ബോർഡ് കഴിഞ്ഞമാസം തേയിലക്ക് പ്രഖ്യാപിച്ച തറവില കിലോക്ക് 10.33 രൂപയാണ്.
വിലയിടിവ് കണക്കിലെടുത്ത് ഈ മാസം തറവില പ്രഖ്യാപിച്ചിട്ടുമില്ല. വരും ദിവസങ്ങളിലും കൊളുന്ത്വില ഇടിയാനാണ് സാധ്യത. പല ഫാക്ടറികളും വാങ്ങാത്തതിനാൽ ചെറുകിട കർഷകരുടെ കൊളുന്ത് ചെടികളിൽനിന്ന് മൂത്ത് നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.