കട്ടപ്പന: പച്ചക്കൊളുന്തിന്റെ വില വർധിപ്പിക്കണമെന്ന് ചെറുകിട തേയില കർഷകർ. ഫാക്ടറി ഉടമകളും ഏജന്റുമാരും ചേർന്ന് ചെറുകിട തേയില കർഷകരെ കൊള്ളയടിക്കുകയാണെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ കുറ്റപ്പെടുത്തി.
അവഗണനയിൽ പ്രതിഷേധിച്ച് തേയില കർഷകർ തിരുവോണ നാളിൽ കുചേല ദിനം ആചരിച്ചാണ് പ്രതിഷേധിച്ചത്. കേരളത്തിൽ പച്ചക്കൊളുന്തിന് കിലോഗ്രാമിന് 11 രൂപ മാത്രം ലഭിക്കുമ്പോൾ അന്തർസംസ്ഥാനങ്ങളിൽ കിലോഗ്രാമിന് 40 രൂപ വരെ വിലയുണ്ട്. ദിനംപ്രതി പച്ചക്കൊളുന്തിന് വില ഇടിയുകയാണ്. ഉൽപാദനച്ചെലവും വളം, കീടനാശിനികളുടെ വിലയും കണക്കാക്കുമ്പോൾ കിലോയ്ക്ക് 25 രൂപയെങ്കിലും ലഭിക്കണം.
എന്നാൽ, ശരാശരി 11 രൂപയാണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ 40 രൂപവരെ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ചില ഫാക്ടറികളിൽ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഏജന്റുമാർ കർഷകരെ ചൂഷണം ചെയ്ത് വില ഇടിച്ചു വാങ്ങുകയാണ്.
പച്ചക്കൊളുന്തിന്റെ വില നിർണയക്കമ്മിറ്റിയിൽ കർഷകർക്ക് പകരം വ്യാപാരി പ്രതിനിധികളെയാണ് ടീബോർഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറുകിട തേയില കർഷകരുടെ പ്രതിനിധികളെയും വില നിർണയ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
എസ്റ്റേറ്റ് ഉടമകളും ടീ ബോർഡ് ഉദ്യോഗസ്ഥരും ഒരു മാനദണ്ഡവും പാലിക്കാതെയാണ് കൊളുന്ത് വില നിശ്ചയിക്കുന്നത്. തേയിലപ്പൊടിക്ക് 220 മുതൽ 3000 വരെ വിലയുള്ളപ്പോഴാണ് കർഷകരോട് ഫാക്ടറി ഉടമകൾ നെറികേട് കാണിക്കുന്നത്. കർഷകർക്ക് കുളം, കിണർ നിർമാണങ്ങളുടെ പേരിൽ 2016ൽ പ്രഖ്യാപിച്ച സബ്സിഡികൾ നാളിതുവരെ നൽകിയിട്ടില്ല. എന്നാൽ, എസ്റ്റേറ്റ് ഉടമകൾക്ക് കോടികളുടെ സബ്സിഡികൾ ടീബോർഡ് നൽകുന്നുമുണ്ട്.
പച്ചക്കൊളുന്തിന്റെ വില വർധിപ്പിക്കാൻ ടീ ബോർഡ് ഇടപെട്ടില്ലെങ്കിൽ ചെറുകിട തേയില കർഷകർ ടീ ബോർഡ് ധർണ ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.