കട്ടപ്പന: മലമുകളിൽനിന്ന് ജനവാസ മേഖലയിലേക്ക് കൂറ്റൻ പാറ അടർന്നുവീണു. അപകട ഭീഷണിയെ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കട്ടപ്പന പാറമട കുന്തളംപാറയിലെ ജനവാസ മേഖലയിലേക്കാണ് വലിയ പാറ അടർന്നുവീണത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ വലിയ പ്രകമ്പനത്തോടെയാണ് മലമുകളിൽനിന്ന് കൂറ്റൻ പാറ അടർന്നുവീണത്. പാറ മരങ്ങളിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.
താഴ്വാരത്ത് താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ രാത്രിതന്നെ മാറ്റി പാർപ്പിച്ചു. മലയുടെ ഏറ്റവും മുകളിൽ പാളികളായി ഇരുന്ന പാറകളിൽ ഒന്നാണ് അടർന്നുവീണത്. പാറ പലഭാഗത്തേക്ക് ചിതറിത്തെറിച്ച നിലയിലാണ്. ഇതിനു മുമ്പും ഈ ഭാഗത്ത് പാറകൾ അടർന്നുവീണ സംഭവം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
അപകട സാധ്യത നിലനിൽക്കുന്നതിനാൽ സമീപവാസികളോട് ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. പാറ അടർന്നുവീണ മലയുടെ രണ്ടിടങ്ങളിലായി സ്വകാര്യ വ്യക്തികളുടെ പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. പാറ പൊട്ടിക്കുന്ന അനധികൃത മടകൾക്കെതിരെ ജനരോഷം ഉയരാൻ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.