കട്ടപ്പന: കലോത്സവനഗരിയിലെങ്ങും ഇപ്പോൾ സംസാരവിഷയം പരക്കെ പ്രചരിക്കുന്ന ഒരു ഫോൺസംഭാഷണമാണ്. ചൊവ്വാഴ്ച രാത്രി നടന്ന നൃത്തമത്സരങ്ങൾക്കുശേഷം വിധികർത്താക്കളിലൊരാൾ മറ്റൊരാളോട് ഫോണിൽ ‘നമ്മുടെ ആളെ ജയിപ്പിച്ചിട്ടുണ്ട്, ചെലവ് ചെയ്യണം’ എന്ന് വിളിച്ചു പറഞ്ഞത് തൊട്ടടുത്തിരുന്ന് ഒരാൾ കേൾക്കുന്നു. കാന്റീനിൽ ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു ആ സംഭാഷണം. അതു കേട്ടയാൾ വിവരം മറ്റൊരാളോട് ഫോണിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പറന്നുനടക്കുന്നത്.
മിടുക്കരായ പലരെയും തള്ളി ‘ഇഷ്ടക്കാരെ’ വിജയികളാക്കിയിട്ടുണ്ട് എന്നാണ് സംഭാഷണത്തിന്റെ സാരാംശം. ഇതോടെ വിധികർത്താക്കൾക്കെതിരെ രക്ഷിതാക്കളും മത്സരാർഥികളും രംഗത്തുവന്നു. രണ്ട് ദിവസമായി നടന്ന ഭരതനാട്യം, നാടോടി നൃത്തം, തിരുവാതിര എന്നീ ഇനങ്ങളിലെ വിധികർത്താക്കൾ കോഴ വാങ്ങി അർഹതപ്പെട്ടവരെ തഴഞ്ഞു എന്നതാണ് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് മത്സരാർഥി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മത്സരാർഥിയാണ് പരാതിക്കാരി. ചൊവ്വാഴ്ച് നടന്ന ഭരതനാട്യ മത്സരത്തിലും ബുധനാഴ്ച നടന്ന നാടോടി നൃത്തത്തിലും വിധി നിർണയത്തിൽ കൃത്രിമം കാണിച്ചെന്നാണ് പരാതി. അർഹരായ മത്സരാർഥികളെ തഴഞ്ഞ് ഇടുക്കി ജില്ലയിലെ പ്രമുഖനായ നൃത്താധ്യാപകന്റെ കീഴിൽ പഠിച്ച വിദ്യാർഥികൾക്ക് ഒന്നും രണ്ടും സ്ഥാനം നൽകി എന്നാണ് ആക്ഷേപം. ഇനിയുള്ള മത്സരങ്ങളിലെങ്കിലും ഇത് തടയണമെന്നും രഹസ്യ പരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.