കട്ടപ്പന: ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിമാറ്റി ശാന്തിഗ്രാമിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. 18,000 രൂപയോളം നഷ്ടമായി. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ശനിയാഴ്ച പുലർച്ചയാണ് സംഭവം. ശാന്തിഗ്രാം സ്വദേശി മാളിയേക്കൽ മാത്യുവിന്റെ പലചരക്ക് കടയിൽനിന്ന് 7000 രൂപയും ഇരട്ടയാർ പഞ്ചായത്തംഗം രതീഷ് ആലേൽപുരക്കലിന്റെ ഉടമസ്ഥതയിലെ എഫ്.ആർ.എസ് ചിക്കൻ സെന്ററിൽനിന്ന് 7200 രൂപയും കൊച്ചുപറമ്പിൽ സണ്ണിയുടെ കടയിൽനിന്ന് 3500 രൂപയുമാണ് കവർന്നത്. ഈ കടയിൽനിന്ന് എ.ടി.എം കാർഡ്, ആധാർ കാർഡ് എന്നിവയും നഷ്ടപ്പെട്ടു.
ശാന്തിഗ്രാം ശരണ്യഭവൻ ശശിയുടെ ചായക്കടയിലും എത്തിയെങ്കിലും മോഷ്ടിക്കാൻ കഴിഞ്ഞില്ല. പുലർച്ച ചായക്കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. എല്ലാ കടകളുടെയും താഴ് കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് അകത്ത് കടന്നത്. മോഷണത്തിന് മുമ്പ് ഒരാൾ ട്രാൻസ്ഫോമറിന്റെ അടുത്തേക്ക് നടന്നുപോകുന്ന സി.സി ടി.വി ദൃശ്യം പുറത്തുവന്നു. ഫ്യൂസ് ഊരിമാറ്റിയായിരുന്നു മോഷണം.
തങ്കമണി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 12ഓടെ നാലുമുക്കിന് സമീപത്തെ വീട്ടിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാൾ എത്തിയിരുന്നു. വീട്ടുകാർ ഉണർന്നതോടെ അവിടെനിന്ന് കടന്നുകളഞ്ഞ ശേഷമാണ് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.