കട്ടപ്പന: കോട്ടമലയിൽ തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. വാഗമൺ കോട്ടമല പുളിങ്കട്ട മാത്ര വിളയില്‍ ലാസറിെൻറ മകന് സ്റ്റാലിന് (34), കോട്ടമല മൂന്നാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തില്‍ ഗണേശെൻറ ഭാര്യ സ്വര്ണമാരി (51) എന്നിവരാണ് മരിച്ചത്. കോട്ടമല എസ്റ്റേറ്റ് പുളിങ്കട്ട സ്വദേശികളായ വീരമണലില് പുഷ്പ (46), സെല്‍വ റാണി (50), മഹാലക്ഷ്മി (52), സിന്ധു ബിനു (30), ശാന്തി (41), വള്ളിയമ്മ (45), ഡെയ്സി (42), മുരുകേശന് (45) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടോടെ കോട്ടമല പുളിങ്കട്ട കൂവലേറ്റത്തായിരുന്നു അപകടം.
കോട്ടമല മൂന്നാം ഡിവിഷനില്‍നിന്ന് പുളിങ്കട്ടയിലെ സ്റ്റാലിെൻറ ഏലകൃഷിയിടത്തിലേക്ക് പോയ ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് അമ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. സ്റ്റാലിന് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.
നിയന്ത്രണം വിട്ട ജീപ്പ് റോഡരികിൽ കിടന്ന തടിയില്‍ ഇടിച്ചതിനുശേഷം താഴെയുള്ള കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടൻ അപകടത്തിൽപെട്ടവരെ ഉപ്പുതറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിെച്ചങ്കിലും സ്റ്റാലിനെയും സ്വർണമാരിയെയും രക്ഷിക്കാനായില്ല.
ഗുരുതര പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മുബൈയില്‍ ജോലി ചെയ്തിരുന്ന സ്റ്റാലിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി ബംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് അപകടം.
സ്റ്റാലിെൻറ മാതാവ് ജ്ഞാനസുന്ദരി. സഹോദരങ്ങള്‍: ആല്വിന്, ജമീല, ജ്യോബിന്, സെല്‍വ പ്രമുല. സ്വര്ണമാരിയുടെ ഭര്‍ത്താവ് ഗണേശന്. മക്കള്‍: ജയചന്ദ്രന്, മാരിയമ്മ. സ്റ്റാലിെൻറ സംസ്കാരം ഞായറാഴ്ച 10.30ന് ചീന്തലാര്‍ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലും സ്വര്ണമാരിയുടേത് 11 വീട്ടുവളപ്പിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.