കട്ടപ്പന: പെരിയാർ വറ്റിയതോടെ ഹൈറേഞ്ച് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു. വേനൽ മഴ കിട്ടാതാവുകയും വരൾച്ച രൂക്ഷമാവുകയും ചെയ്തതോടെയാണ് ഹൈറേഞ്ചിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയത്. പെരിയാറിൽ ഒരു ഭാഗത്തുകൂടി ഉണ്ടായിരുന്നനേരിയ തോതിലുണ്ടായിരുന്ന ഒഴുക്കും നിലച്ചതോടെ ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്കും ഇല്ലാതായി. ഇനിയും വേനൽ മഴ കനിഞ്ഞില്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്ഥിതി ഗുരുതരമാകും. ഇതോടെ പെരിയാർ തീരദേശവാസികൾ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. നദിയിലെ വെള്ളമാണ് ഭൂരിപക്ഷം ആളുകളും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത്.
ജലനിരപ്പ് വറ്റിയതോടെ നദീതീരത്തെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴ്ന്നു. ഇതോടെ കുടിവെള്ളത്തിനും ബുദ്ധിമുട്ടുകയാണ്. നാലു മാസം മുമ്പ് ജല സമൃദ്ധമായിരുന്നു പെരിയാർ. പെരിയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. പെരിയാർ വറ്റിയതോടെ ഈ പദ്ധതികളുടെ പ്രവർത്തനവും അവതാളത്തിലാവുകയാണ്. പ്രളയത്തിന് ശേഷം ജലലഭ്യതയിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് തീരദേശവാസികൾ പറയുന്നത്.
വേനൽ കനത്താൽ പെരിയാറിലെ ലക്ഷക്കണക്കിന് ജലജീവികളുടെ ആവാസവ്യവസ്ഥയും ഇല്ലാതാകും. ഹൈറേഞ്ചിലെ ആയിരത്തോളം കുഴൽ കിണറുകൾ വറ്റിയിട്ടുണ്ട്. കുടിക്കാനും കൃഷി വിളകൾ നനക്കാനും വെള്ളമില്ലാതെ കർഷകർ വിഷമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 32 മുതൽ 38 ഡിഗ്രിയോളമാണ് പകല്‍ സമയത്ത് ചൂട് അനുഭവപ്പെട്ടത്. രാത്രിയില്‍ നേരിയ മഞ്ഞ് അനുഭവപ്പെടുന്നുണ്ടെങ്കിലും രാവിലെ ഒമ്പത് ആകുന്നതോടെ വെയിലിനു ചൂട് കൂടുന്നതാണ് ഇപ്പോഴത്തെ പതിവ്.
കനത്ത വെയിലേല്ക്കാന് തുടങ്ങിയതോടെ ഏലം ഉള്‍പ്പെടെയുള്ള വിളകള്‍ കരിഞ്ഞു. മണ്ണില്‍ ഈര്‍പ്പം ഇല്ലാതായി. തേയില തോട്ടങ്ങളിൽ ചെടികൾക്ക് ഉണക്ക് ബാധിച്ചു. പെരിയാറിന് പിന്നാലെ പോഷക നദികളിലെ നീരൊഴുക്കും ഇല്ലാതായി. ഒപ്പം ജലസ്രോതസുകളിലെ വെള്ളവും വറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.