കുമളി: കോവിഡിനെ തുടർന്ന് രണ്ടുവർഷമായി പ്രവേശനം വിലക്കിയിരുന്ന അതിർത്തിയിലെ ചുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി വ്യാഴാഴ്ച വനം വകുപ്പ് തുറന്ന് കൊടുത്തു.
കുമളിയിൽനിന്ന് തേനി ജില്ലയിലെ കമ്പം പോകുംവഴി 10 കിലോമീറ്ററോളം ഉള്ളിലേക്ക് യാത്ര ചെയ്താണ് ചുരുളി വെള്ളച്ചാട്ടത്തിൽ എത്താനാകുക.
തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികൾക്കു പുറമെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ധാരാളം പേർ വെള്ളച്ചാട്ടം കാണാനും കുളിക്കാനും ഇവിടെ എത്താറുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള മേഘമല കടുവ സങ്കേതത്തിനുള്ളിലാണ് ചുരുളി വെള്ളച്ചാട്ടം. വനമേഖലയിൽനിന്ന് ഒഴുകിവരുന്ന വെള്ളമായതിനാൽ ഇതിന് ഔഷധഗുണമുണ്ടെന്ന പേരിലാണ് പല സ്ഥലത്തുനിന്നും ഇവിടെ കുളിക്കാൻ എത്തുന്നത്.
കോവിഡ് തമിഴ്നാട്ടിൽ വ്യാപകമായതോടെയാണ് ചുരുളി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വനം വകുപ്പ് രണ്ടുവർഷം മുമ്പ് നിർത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചപ്പോഴും ചുരുളി ഉൾപ്പെടെ മേഖലകളിൽ വിലക്ക് നിലനിന്നിരുന്നു. എന്നാൽ, തമിഴ്നാട്ടിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 'ചുരുളി വിലക്ക്' പ്രചാരണ വിഷയമാകുമെന്ന് വ്യക്തമായതോടെയാണ് നിയന്ത്രണം പിൻവലിച്ചത്. തേക്കടിക്കു പിന്നാലെ ചുരുളിയിലേക്കും പ്രവേശനം അനുവദിച്ചത് മേഖലയിലെ വിനോദസഞ്ചാര രംഗത്തിന് ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.