തൊടുപുഴ: കൈയിൽ ഒരായിരം രൂപയെങ്കിലുമില്ലാതെ എങ്ങനെ ഒരു ബിസിനസ് തുടങ്ങുമെന്ന് ചോദ്യം ഒത്തിരി കേട്ടിട്ടുണ്ട്. എന്നാല്‍, കുളമാവ് സ്വദേശിനി ലീലാമണിയോടാണ് ഈ ചോദ്യമെങ്കില്‍ അവര്‍ പറയും ബിസിനസ് ചെയ്യാന്‍ 1000 രൂപപോലും വേണ്ടെന്ന്...വെറുതെ പറയുകയല്ല നന്നായി ബിസിനസ് നടത്തി കാണിച്ചാണ് ഇവരുടെ മറുപടി.
അറക്കുളം പഞ്ചായത്തിെൻറ സ്വന്തം ആക്രി വ്യാപാരിയാണ് ഹരിതകര്‍മ സേനാംഗമായ കുളമാവ് ഇടീപ്പറമ്പില് ലീലാമണി (54). വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ആക്രിസാധനങ്ങള്‍ വിലയ്ക്കെടുക്കുന്ന വ്യക്തിഗത കുടുംബശ്രീ സംരംഭം നടത്തുകയാണ് ലീലാമണി. ഓരോ ഹരിതകര്‍മ സേന യൂനിറ്റുകളും കണ്സോർട്യമായി രജിസ്റ്റർ ചെയ്ത് വ്യക്തിഗതമായോ കൂട്ടുചേര്‍ന്നോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സര്‍ക്കാര്‍ നിർദേശമാണ് ലീലാമണിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തയ്യല്‍ അറിയാവുന്നതിനാല്‍ ടെയ്ലറിങ് ഷോപ്പാണ് ലീലാമണി സ്വപ്നം കണ്ടത്. അത് തുടങ്ങാന്‍ വായ്പക്ക് ശ്രമിെച്ചങ്കിലും നടന്നില്ല.
ആ നിരാശയില്‍ കഴിയവെ സ്വന്തം വീട് പൊളിച്ച സാധനങ്ങള്‍ ആക്രിക്കടയില്‍ വില്ക്കാന് പോയി. അപ്പോഴാണ് വീടുകളില്‍നിന്ന് ആക്രി ശേഖരിച്ച് വില്പന നടത്തുകയെന്ന ആശയം ഉദിച്ചത്. ഇക്കാര്യം സി.ഡി.എസ് ചെയര്‍പേഴ്സണുമായി സംസാരിച്ചപ്പോള്‍ നല്ല പിന്തുണ കിട്ടി. ഹരിതകര്‍മ സേന ശേഖരിക്കാത്ത സാധനങ്ങളെല്ലാം ഏറ്റെടുത്തുകൊള്ളാനായിരുന്നു നിർദേശം. അതനുസരിച്ച് ആക്രി സാധനങ്ങൾ വാങ്ങാന്‍ തുടങ്ങി. വെറുതെയല്ല, മാര്‍ക്കറ്റ് വില കൊടുത്ത്. ആരെയും ആശ്രയിക്കാതെ പ്രതിമാസം സകല ചെലവുകളും കഴിഞ്ഞ് 8000 രൂപയോളം വരുമാനമുണ്ടാക്കാന്‍ കഴിയുന്നുണ്ടെന്ന് ലീലാമണി പറയുന്നു.
സാം സ്ക്രാപ് ഷോപ് എന്നാണ് സംരംഭത്തിെൻറ പേര്. സ്വന്തമായി ഓട്ടോഡ്രൈവിങ് ലൈസന്‍സുണ്ടെങ്കിലും വാഹനം വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും ഒരു വണ്ടി വാങ്ങി വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തണം, കയറിക്കിടക്കാന്‍ വീടുണ്ടാക്കണം... ഇവയാണ് ലീലാമണിയുടെ സ്വപ്നങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.