അടിമാലി: സർവേ, താലൂക്ക്, വില്ലേജ് ഓഫിസുകളിൽ ജീവനക്കാരുടെ കുറവ് മൂലം രേഖകൾ ലഭ്യമാക്കാൻ താമസം വരുന്നതായി വ്യാപക പരാതി. സ്ഥലങ്ങളുടെ പോക്കുവരവ്, ഭൂമി തരംമാറ്റൽ, കുത്തകപ്പാട്ടം പുതുക്കൽ, പട്ടയ അപേക്ഷകളിൽ തുടർനടപടി, കൈയേറ്റങ്ങൾ തിരിച്ചുപിടിക്കൽ തുടങ്ങി റവന്യൂ വകുപ്പിൽ എല്ലാത്തരം പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ കുറവ് വലിയ തിരിച്ചടിയാണ്. അപേക്ഷ കൂടുതലും ഓൺലൈൻ മുഖേന ആയതിനാൽ പലർക്കും കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാനും സാധ്യമല്ല. വിവരങ്ങൾ തേടി എത്തുന്നവർക്ക് ജീവനക്കാരില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
ഉദ്യോഗസ്ഥർ സ്ഥലംമാറ്റപ്പെടുകയും പുതിയ ജീവനക്കാർ വരാതിരിക്കുകയും ചെയ്യുമ്പോൾ അപേക്ഷകളിൽ തീർപ്പ് വൈകുന്നത് സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്. റീസർവേ കഴിഞ്ഞ ഭൂമിയിൽ സ്ഥലം അളന്നുതിരിച്ച് ഭൂരേഖ കിട്ടാനായി കാത്തിരിക്കുന്ന നൂറുകണക്കിന് അപേക്ഷകരുണ്ട്. സാങ്കേതിക കുരുക്കുകളിലുൾപ്പെടെ പ്രശ്നങ്ങളും കീറാമുട്ടിയാണ്. വനഭൂമി നിയമപ്രകാരം പട്ടയം ലഭിച്ച കർഷകർക്ക് ഭൂമിയുടെ കരം സ്വീകരിക്കുന്നത് ഇപ്പോഴും നേരിട്ടാണ്.
ബി.ടി.ആർ രജിസ്റ്റർ ഇല്ലാത്തതാണ് കാരണം. ഇതിന് റീ സർവേ നടപടി വനംവകുപ്പുമായി ചേർന്ന് പൂർത്തിയാക്കണം. ഇത് അനിശ്ചിതമായി നീളുകയാണ്. സർവേയർമാരുടെ എണ്ണക്കുറവാണ് അപേക്ഷകളിൽ തീർപ്പ് വൈകാൻ ഇടയാക്കുന്നതെന്ന് അധികൃതർ പറയുന്നു. മാങ്കുളത്ത് മിച്ചഭൂമി ലഭിച്ച കർഷകർക്ക് ഭൂമി അളന്നുനൽകാൻ വനം - റവന്യൂ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും സർവേയർമാരുടെ കുറവ് മൂലം നടപ്പാക്കാനായിട്ടില്ല.ഒറ്റ ക്ലിക്കിൽ എല്ലാ ഉദ്യോഗസ്ഥർക്കും ഒരേസമയം രേഖകൾ കാണാൻ കഴിയുന്ന സംവിധാനം നിലവിൽവന്നിട്ടും അപേക്ഷപ്രകാരമുള്ള സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാത്തുനിൽപ് പഴയതിലും നീണ്ടുപോകുന്നുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.