ഇടുക്കി വന്യജീവി സാങ്കേതത്തിലെ അഞ്ചുരുളി, മേമാരി ആദിവാസി കുടികളിൽ ജീവിതം ദുരിതപൂർണമാണ്. കയറിക്കിടക്കാൻ വീടോ ചികിത്സിക്കാൻ ആശുപത്രിയോ ഗതാഗതയോഗ്യമായ റോഡോ ഇല്ല. മേമാരിയിൽ 15 കുടുംബങ്ങൾക്കാണ് ഇപ്പോഴും വീടില്ലാത്തത്. ബ്ലോക്കിന്റെയും ആദിവാസി ഭവനപദ്ധതിയിലും നിർമിച്ച വീടുകളാകട്ടെ ചോർന്നൊലിക്കുന്നു. പദ്ധതികൾ പലത് നടപ്പാക്കിയിട്ടും ഇടുക്കി വന്യജീവി സങ്കേതത്തിൽ ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന അഞ്ചുരുളിയിലെയും മേമാരിയിലെയും ആദിവാസികളുടെ ദുരിതത്തിന് പരിഹാരമില്ല.
മന്നാന്‍, ഊരാളി വിഭാഗങ്ങളില്‍പെട്ട 40ഓളം കുടുംബങ്ങളാണ് അഞ്ചുരുളി ആദിവാസിക്കുടിയിലുള്ളത്. ഇതില്‍ 13 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് ഉണ്ടായിരുന്നില്ല കാഞ്ചിയാർ പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതിയിൽപെടുത്തി ഇവർക്ക് വീട് നിർമിച്ചെങ്കിലും അഴിമതി ആരോപണം ഉയർന്നു. കാഞ്ചിയാര്‍ പഞ്ചായത്തില്‍ കോടാലിപ്പാറ, പാമ്പാടിക്കുഴി, മുരിക്കാട്ടുകുടി, അഞ്ചുരുളി, കോവില്‍മല എന്നീ ആദിവാസി കുടികൾ കൂടിയുണ്ട്. അഞ്ചുരുളി വനത്തിലെ ആദിവാസിക്കുടിയിലേക്ക് കാഞ്ചിയാര്‍ കക്കാട്ടുകടയില്നിന്ന് ഏഴുകിലോമീറ്റര്‍ ദൂരമുണ്ട്.
ഇടതൂര്‍ന്ന വനപാതയിൽ ഉരുളന്‍ കല്ലുകൾക്ക് മുകളിലൂടെ ഏറെ കഷ്ടപ്പെട്ടാണ് ആദിവാസികൾ സഞ്ചരിക്കുന്നത്. വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പല വീടുകളും പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയ നിലയിലാണ്. വിറകുകള്‍ അടുക്കിയുണ്ടാക്കിയ കട്ടിലിലാണ് അന്തിയുറക്കം. കുറുമ്പുല്ലും കാട്ടുതേനുമാണ് പ്രധാന ഭക്ഷണം. മഴക്കാലത്ത് കൂരകള്‍ തകര്‍ന്നുവീഴുന്നത് പതിവാണ്. അഞ്ചുരുളി ജലാശയത്തിലെ മീൻപിടിത്തവും കൂലിപ്പണിയുമാണ് ഉപജീവനമാർഗം. ഇവര്‍ പിടിക്കുന്ന മത്സ്യങ്ങളും ശേഖരിക്കുന്ന വനവിഭവങ്ങളും നാട്ടുകാർ ചുളുവിലക്ക് തട്ടിയെടുക്കുന്നത് പതിവാണ്.
ഇവര്‍ നടത്തുന്ന കൃഷിയില്‍നിന്നുള്ള ആദായം പുറത്തുനിന്നെത്തുന്നവര്‍ കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്നതായും ആക്ഷേപമുണ്ട്. റേഷന്‍കടകളില്‍നിന്ന് പലപ്പോഴും സാധങ്ങള്‍ നല്‍കാതെ ഇവരെ തിരിച്ചയക്കുന്നതായും പറയുന്നു. അഞ്ചുരുളി കുടിയില്‍നിന്ന് ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാല്‍ രോഗികളെയും ഗര്‍ഭിണികളെയും ചാക്കില്കിടത്തി എടുത്തുകൊണ്ടുപോവുകയാണ് പതിവ്. 12 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഇവര്‍ക്ക് തൊട്ടടുത്ത ലബ്ബക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താന്‍.
ഇനിയും വൈദ്യുതി എത്താത്ത നിരവധി വീടുകൾ മേമാരി കുടിയിലുണ്ട്. എം.എം. മണി മന്ത്രിയായിരുന്നപ്പോഴാണ് ഇവിടെ ആദ്യമായി വൈദ്യുതി എത്തിയത്. 90 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണംപടി-മേമാരി വനപാത തകർന്നതാണ് മേമാരി കുടിയിലെ ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നം.
റോഡിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് അഗാധ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ വാഹന ഗതാഗതം ദുഷ്കരമായി. മേമാരിയിലെ ആദിവാസികൾ ചികിത്സക്ക് ആശ്രയിക്കുന്നത് കിഴുകാനം ആരോഗ്യകേന്ദ്രത്തെയാണ്. പ്രായമായവർക്കും രോഗികൾക്കും ഇവിടെ നടന്നെത്തുക പ്രയാസമാണ്. അതിനാൽ മാസത്തിലൊരിക്കൽ ആരോഗ്യവകുപ്പിന്റെ മൊബൈൽ വിഭാഗം മേമാരിയിൽ എത്തി ചികിത്സ ലഭ്യമാക്കണമെന്ന് ജില്ല ആരോഗ്യവിഭാഗത്തോട് അവശ്യപ്പെടുമെന്ന് കുടിയിലെ മുപ്പൻ ഷാജി പറഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.