പിറന്നമണ്ണ് ഉപേക്ഷിച്ച് ഓടിപ്പോകേണ്ട സാഹചര്യമാണ് ഇടുക്കിയുടെ വനാതിർത്തികളിലെ ജനജീവിതം. ഓരോ ദിവസവും വന്യമൃഗങ്ങളുടെ ശല്യം കൂടി വരുന്നതല്ലാതെ കുറയുന്നില്ല. 58 ദിവസത്തിനിടെ ജില്ലയിൽ അഞ്ച് ജീവനാണ് പൊലിഞ്ഞത്. വന്യമൃഗങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം ജനങ്ങൾക്ക് നൽകുന്നില്ലെന്നും ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ ഇതുവരെ കാണാത്ത പ്രതിഷേധവുമായി ഇറങ്ങേണ്ടി വരുമെന്നുമാണ് ജനങ്ങളുടെ മുന്നറിയിപ്പ്
തൊടുപുഴ: വന്യജീവി പ്രതിരോധത്തിന് കോടികൾ ചെലവഴിക്കുമ്പോഴും വനാതിർത്തികളിൽ ജീവനുകൾ ആനക്കലിയിൽ പൊലിയുകയാണ്. കാട്ടാന ആക്രമണത്തില്‍ മാത്രം മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ മേഖലയില്‍ 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 65ഓളം പേരാണ്. 2010 മുതല്‍ 2022 വര്‍ഷത്തിനിടെയുള്ള കാലയളവിലാണ് ഈ ജീവനുകളെല്ലാം പൊലിഞ്ഞത്.
ഇതിനുശേഷവും നിരവധി ജീവൻ പൊലിഞ്ഞു. 2010 ജനുവരി ഒന്നുമുതല്‍ 2021 ഒക്ടോബര്‍ 31വരെ മൂന്നാര്‍ വന്യജീവി ഡിവിഷനിലെ വിവിധ റേഞ്ചുകളില്‍ വന്യജീവി ആക്രമണ ഭീഷണി ഒഴിവാക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ചതായും കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ട്രഞ്ച് കുഴിക്കല്‍, ഫെന്‍സിങ് സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് മാത്രമാണ് ഈ തുക ചെലവഴിച്ചിരിക്കുന്നത്. ഇതിനു പുറമെ ഹൈറേഞ്ച് മൗണ്ട് ലാന്‍ഡ് സ്കേപ് പദ്ധതിപ്രകാരം വനമേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായും ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചിട്ടുണ്ട്.
തൊടുപുഴ: രണ്ട് മാസത്തിനിടെ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചുപേർ. രണ്ട് സ്ത്രീകളടക്കം അഞ്ചുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിൽ നാലുപേരും ദേവികുളം റേഞ്ച് ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. ജനുവരി എട്ടിന് തോട്ടം തൊഴിലാളി പന്നിയാർ സ്വദേശി പരിമള (44) കൊളുന്ത് നുള്ളാൻ രാവിലെ തോട്ടത്തിലേക്ക് പോയപ്പോഴാണ് അപകടം.
പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയില ത്തോട്ടത്തിൽവെച്ച് കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. ജനുവരി 22ന് വെള്ളക്കല്ലിൽ സൗന്ദർ രാജനും (68) കൊല്ലപ്പെട്ടു. ചിന്നക്കനാൽ ബി.എൽ റാവിൽ കൊച്ചുമകനൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ചക്കക്കൊമ്പൻ ആക്രമിച്ചു. നാലു ദിവസത്തിനുശേഷം ആശുപത്രിയിൽ മരിച്ചു. ജനുവരി 23ന് കോയമ്പത്തൂർ സ്വദേശി കെ. പാൽരാജ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.
ബന്ധുവിന്റെ കല്യാണം കൂടാനെത്തിയതായിരുന്നു. മൂന്നാർ തെൻമല എസ്റ്റേറ്റിൽവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26ന് ഓട്ടോഡ്രൈവർ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത് (മണി -45). കന്നിമല ടോപ് ഡിവിഷനിൽവെച്ച് ഓട്ടോ കുത്തിമറിച്ചിട്ട് സുരേഷ് കുമാറിനെ ചവിട്ടിക്കൊല്ലുകയായിരുന്നു.
മാർച്ച് നാലിന് കാഞിരവേലി മുണ്ടോൻകണ്ടത്തിൽ ഇന്ദിര രാമകൃഷ്ണനാണ് മരിച്ചത് (71). അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ പുരയിടത്തിൽവെച്ചാണ് കാട്ടാന ആക്രമിക്കുകയായിരുന്നു.
തൊടുപുഴ: ഈ വർഷം കേരളത്തിൽ കാട്ടാന ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടത് ഇടുക്കി ജില്ലയിലാണ്. രണ്ടു സ്ത്രീകളക്കം അഞ്ചുപേർ. മൂന്നാർ വനം ഡിവിഷന് കീഴിലെ തോട്ടം മേഖലയിലാണ് ഇതിൽ നാലു മരണവും. തിങ്കളാഴ്ച കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണനാണ് ഏറ്റവും ഒടുവിലത്തെ ഇര.
2011-22 വരെയുള്ള 11 വർഷത്തിനിടെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ മനുഷ്യ- വന്യജീവി സംഘർഷം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിൽ ചെലവഴിച്ചത് വെറും 70 ലക്ഷമാണ്. ഇക്കാലയളവിൽ 42 പേരാണ് കാട്ടാന ആക്രമണത്തിൽ മൂന്നാർ ഡിവിഷനിൽ കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണത്തിൽ മരണങ്ങളൊന്നും സംഭവിക്കാത്ത മാങ്കുളം ഡിവിഷനിൽ ചെലവഴിച്ച തുകയാകട്ടെ 1.44 കോടിയും. 2019-22 കാലയളവിൽ പരിസ്ഥിതി പുനഃസ്ഥാപനം (എക്കോ റീസ്റ്റോറേഷൻ) പദ്ധതിക്കായി മൂന്നാർ ഡിവിഷനിൽ രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചു.
യു.എൻ.ഡി.പി പദ്ധതിയിലൂടെ ജലസ്രോതസ്സുകളുടെ നവീകരണം, വനമേഖലയിൽ പുല്ലുവെച്ചു പിടിപ്പിക്കൽ, ആകർഷകമായ മരങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയവയെല്ലാം നടപ്പാക്കിയെന്നാണ് വനം വകുപ്പിന്റെ അവകാശവാദം. വന്യജീവികൾക്ക് കാട്ടിൽ ആഹാരമൊരുക്കാനാണ് പദ്ധതി നടപ്പാക്കിയതെന്നാണ് വനം വകുപ്പ് പറയുന്നതെങ്കിലും ജനവാസമേഖലയിലേക്കുള്ള ഇവയുടെ കടന്നുകയറ്റം കൂടുകയാണുണ്ടായത്.
ഇടുക്കി: മൂന്നാർ മേഖലയിൽ വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച് മൂന്നാർ യു.എൻ.ഡി.പി ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ജില്ലയിൽ മൂന്നാമത്തെ റാപിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) ഉടൻ പ്രവർത്തനം ആരംഭിക്കും. 23 അംഗങ്ങളാകും ഒരു ടീമിൽ ഉണ്ടാകുക. തേക്കടിയിലും മാങ്കുളത്തും സ്ഥാപിച്ചതുപോലെ എ.ഐ കാമറകൾ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. എ. രാജ എം.എൽ.എ, കലക്ടർ ഷീബ ജോർജ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ രമേശ് ബിഷ്ണോയ്, ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണൻ, ജില്ലയിലെ ഉന്നത വനംവകുപ്പ് മേധാവികൾ , മൂന്നാർ മേഖലയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ പ്രദേശവാസി കൊല്ലപ്പെട്ടതോടെ വലിയ ഭീതിയിലായിരിക്കുകയാണ് നേര്യമംഗലം കാഞ്ഞിരവേലി നിവാസികള്‍. ഭയംമൂലം വീടും ഭൂമിയും ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് നാട്ടുകാർ. തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരമാണ് ഇവരുടെ ആവശ്യം. വേനല്‍ക്കാലത്ത് വനത്തിനുള്ളില്‍ ആവശ്യത്തിന് വെള്ളം ഇല്ലാതാകുമ്പോഴും കാട്ടുതീ പടര്‍ന്ന് പിടിക്കുമ്പോഴുമായിരുന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാട്ടാനകള്‍ പെരിയാറിലേക്ക് എത്തിയിരുന്നത്.
എന്നാൽ, ഇപ്പോള്‍ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങുക പതിവാണ്. മൂന്നാര്‍, ഷോളയാര്‍, മാമലക്കണ്ടം തുടങ്ങിയ മേഖലകളില്‍നിന്നുമാണ് കാട്ടാന ഇവിടേക്കെത്തുന്നത്. ഇത്തരത്തിലെത്തുന്ന കാട്ടാനകള്‍ കൃഷിയപ്പാടെ നശിപ്പിച്ച ശേഷമാണ് മടങ്ങുക.
നേരം ഇരുട്ടി തുടങ്ങിയാല്‍ പിന്നെ ഇവിടുത്തുകാര്‍ പുറത്തിറങ്ങാറില്ല. പ്രദേശവാസികളുടെ പുറംലോകത്തേക്കുള്ള ബന്ധം പെരിയാറിന്റെ കരയിലൂടെയുള്ള നേര്യമംഗലം-കാഞ്ഞിരവേലി റോഡ് വഴിയാണ്. ഇവിടെ പലയിടങ്ങളിലും ആനത്താരകളുണ്ട്. ചിലയിടങ്ങളില്‍ വനം വകുപ്പ് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും തകര്‍ന്ന് കിടക്കുകയാണ്. പകല്‍പോലും ഇവിടെ ആനയുണ്ടാകുമോയെന്ന സംശയത്താലാണ് വാഹനങ്ങളടക്കം കടന്ന് പോകുന്നത്. രാത്രിയായാല്‍ പിന്നെ ഇതുവഴി വാഹനങ്ങളും ഓടിക്കാന്‍ ധൈര്യപ്പെടാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അടിമാലി: വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് മൂന്നാറിൽ പ്രത്യേക യോഗം ചേർന്നു. മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിലായിരുന്നു യോഗം. 12ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുക്കുന്ന സർവകക്ഷി യോഗത്തിന് മുന്നോടിയായിയാണ് മൂന്നാറിൽ കലക്ടറും ജനപ്രതിനിധികളും പൊതുപ്രവർത്തകരും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടത്തുന്നത്.
വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന ചിന്നക്കനാൽ, മൂന്നാർ, ദേവികുളം, മാങ്കുളം, ബൈസൺവാലി, അടിമാലി അടക്കമുള്ള പ്രദേശങ്ങളിലെ വിഷയം ചർച്ച ചെയ്യാനാണ് മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിൽ പ്രത്യേക യോഗം ചേർന്നത്. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഓരോ പഞ്ചായത്തിലെയും പ്രതിനിധികൾ വനവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ചുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചു.
നഷ്ടപരിഹാരം വിതരണം നടത്തുന്നതും പ്രതിരോധ മാർഗങ്ങൾ വേഗത്തിലാക്കുന്നതിനും നടപടി വേണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. എന്നാൽ, റിവ്യൂ മീറ്റിങ് എന്ന രീതിയിലാണ് യോഗം സംഘടിപ്പിച്ചതെന്നും യോഗത്തിൽ താൻ തൃപ്തനല്ലെന്നും ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഒന്നും വേഗത്തിൽ ആകുന്നില്ലെന്ന് ഡീൻ പറഞ്ഞു.
അതേസമയം, 12ന് മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുക്കുന്ന സർവകക്ഷി യോഗത്തിൽ വിശദമായി ചർച്ച ചെയ്യുകയും തുടർന്ന് പ്രതിരോധ മാർഗങ്ങളിലേക്ക് കടക്കുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് അരുൺ അടക്കമുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ല കലക്ടർ ഷീബ ജോർജ് ഐ.എ.എസ്, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, ദേവികുളം എം.എൽ.എ എ. രാജ തുടങ്ങിയ ജനപ്രതിനിധികളും പൊതുപ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.