മൂന്നാർ: ആദ്യം ഒരു വർഷം തന്നെ 13 തവണ. പിന്നെ 13 വർഷത്തിന് ശേഷം വീണ്ടും. കണക്ക് വെച്ചാണ് കാട്ടാനകൾ പുണ്യവേലിെൻറ കട തകർക്കുന്നത്. കണ്ണൻദേവൻ കമ്പനി ചൊക്കനാട് സൗത്ത് ഡിവിഷനിൽ പലചരക്ക് കട നടത്തുന്ന പുണ്യവേലിനും കുടുംബത്തിനുമാണ് കാട്ടാനകൾ സ്ഥിരം ഭീഷണിയായിരിക്കുന്നത്.
എസ്റ്റേറ്റ് തൊഴിലാളികളുടെ ആവശ്യങ്ങൾക്കുള്ള സ്റ്റേഷനറി, പലചരക്ക് സാധനങ്ങളാണ് പുണ്യവേലിെൻറ കച്ചവടം. പക്ഷേ, തൊഴിലാളികൾ ഒരു വർഷംകൊണ്ട് വാങ്ങുന്നത് കാട്ടാനക്കൂട്ടം ഒറ്റ ദിവസം കൊണ്ട് കഴിച്ചിട്ട് പോകുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ട അവസ്ഥയിലാണ് ഈ അഞ്ചംഗ കുടുംബം. തിങ്കളാഴ്ച പുലർച്ച രണ്ടരയോടെ എത്തിയ മൂന്ന് ആനകൾ ആദ്യം നശിപ്പിച്ചത് വീട്ടുമുറ്റത്തെ വാഴത്തോട്ടമായിരുന്നു. വാഴയും പച്ചക്കറികളും ഒടിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. പുറത്തിറങ്ങാൻ ഭയന്ന് വീട്ടിനുള്ളിൽ തന്നെ ഇരുന്നു. ആനകൾ തൊട്ടടുത്ത കടയിലേക്ക് തിരിഞ്ഞതോടെ ജീവൻ പണയം വെച്ച് പുണ്യവേൽ മക്കളെയും കൂട്ടി പുറത്തിറങ്ങി. അപ്പോഴേക്കും ആനകൾ കടയുടെ മുൻവാതിൽ തകർത്തിരുന്നു. പിന്തിരിപ്പിക്കാനായി ഇവർ കടയുടെ മുന്നിൽ കിടന്ന കാറിൽ തട്ടി വലിയ ശബ്ദമുണ്ടാക്കി. പ്രകോപിതരായ ആനകൾ ഇവരുടെ നേരെ തിരിഞ്ഞു. ഭയന്നോടിയ വീട്ടുകാർ മുറിക്കുള്ളിൽ കയറി രക്ഷപ്പെട്ടു.
കട തകർത്ത് അകത്തുകടന്ന ആന അവിടെ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം തിന്നും വലിച്ചെറിഞ്ഞും നശിപ്പിച്ചു. ശർക്കര, പഞ്ചസാര, ഏത്തക്കുലകൾ, തേങ്ങാ തുടങ്ങി 70,000 രൂപയുടെ സാധനങ്ങളാണ് നശിപ്പിച്ചത്. 2008ൽ പുണ്യവേലിെൻറ കട 13 തവണ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ഒരു വർഷം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് അന്നുണ്ടായത്. ആറ് ആനകളാണ് അന്ന് പതിവായി എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.