മൂന്നാർ: ആനക്കലിയുടെ ഭീതിയിൽ ജീവൻ കൈയിൽപിടിച്ച് കഴിയുകയാണ് ചിന്നക്കനാൽ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ. വിലക്ക്, സിങ്കുകണ്ടം, 301 കോളനി, പൂപ്പാറ എന്നിവിടങ്ങളിലായി ഇതുവരെ ഇരുപതോളം പേരെയാണ് ആന കൊന്നത്.
മേഖലയിൽ മുഴുവൻ ആനശല്യം രൂക്ഷമാണെങ്കിലും കൂടുതൽ ദുരിതം അനുഭവിക്കുന്നത് 301 ആദിവാസി കോളനിയിലെ കുടുംബങ്ങളാണ്. ഈ കോളനിയിൽ മാത്രം അഞ്ച് പേരെയാണ് ആന കൊന്നത്. ആദിവാസി ഭൂസമരത്തിെൻറ ഭാഗമായി ആൻറണി സർക്കാർ ആദിവാസികൾക്ക് നൽകിയ ഭൂമിയാണിത്.
പക്ഷേ ഒരു ദിവസംപോലും സമാധാനമായി ഇവർക്ക് ഇവിടെ ജീവിക്കാൻ കഴിഞ്ഞിട്ടില്ല. കൂട്ടമായി എത്തുന്ന ആനകൾ വീടും കൃഷിയും തകർക്കുന്നത് പതിവായതോടെ 281 കുടുംബം ഇവിടം ഉപേക്ഷിച്ച് പോയി. പിടിച്ചുനിൽക്കുന്ന 20 വീട്ടുകാർ നേരിടുന്നത് നരകയാതനകളാണ്. വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെയാണ് ആദിവാസികൾ കഴിയുന്നത്.
ശനിയാഴ്ച പുലർച്ച ആനയുടെ അലർച്ച എല്ലാവരും കേട്ടിരുന്നു. സമീപവാസിയായ രാജേഷാണ് ആന ചരിഞ്ഞത് ആദ്യം കണ്ടത്. വനംവകുപ്പിെൻറ വാച്ചറെ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി.
അടുത്ത വീട്ടുകാരനായ രാജേഷിെൻറ വീടാണ് വനപാലകർ ആദ്യം പരിശോധിച്ചത്. വീടിെൻറ മുകളിലും മുറ്റത്തുമുണ്ടായിരുന്ന കേബിളുകൾ ഉദ്യോഗസ്ഥർ എടുത്തു കൊണ്ടുപോയി. തങ്ങൾ നേരിടുന്ന ഭീഷണിക്ക് അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.