മൂന്നാർ: അധികൃതരുടെ നോട്ടീസിന് പുല്ലുവില കൽപിച്ച് മൂന്നാർ റോഡിൽ കുതിര സവാരി. വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഭീഷണി ഉയർത്തിയും വാഹന ഗതാഗതം തടസ്സപ്പെടുത്തിയുമാണ് മൂന്നാറിൽ റോഡിലൂടെയുള്ള കുതിരസവാരി തുടരുന്നത്. മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ ഫോട്ടോപോയന്റ്, കൊരണ്ടക്കാട് എന്നിവിടങ്ങളിലാണ് 40ഓളം കുതിരകളെ റോഡിൽ അഴിച്ചുവിട്ടിരിക്കുന്നത്.
ഇവയെ കെട്ടിയിടുന്നതും മേയാൻ അഴിച്ചുവിടുന്നതും ആളുകളെ കയറ്റി സവാരി നടത്തുന്നതും റോഡിലാണ്. ജനങ്ങൾക്ക് ഭീഷണിയായതിനെത്തുടർന്ന് റോഡിലെ സവാരി നിർത്തണമെന്ന് ആവശ്യപ്പെട്ട് മേയ് അഞ്ചിന് ദേവികുളം പൊലീസ് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. പഞ്ചായത്തിൽനിന്നോ മൃഗസംരക്ഷണ വകുപ്പിൽനിന്നോ അനുമതിയില്ലാതെയാണ് കുതിര സവാരിയെന്നും പൊലീസിന്റെ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുവർഷം മുമ്പ് മേയാൻ അഴിച്ചുവിട്ട കുതിര പ്രദേശവാസിയായ കുട്ടിയെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവം ഉണ്ടായി. കുതിരകളുടെ തോഴിയേറ്റ് നാല് കാറുകൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തു. പൊലീസ് നോട്ടീസ് നൽകി ഒരുമാസം പിന്നിട്ടിട്ടും റോഡിലെ കുതിരസവാരി ഇപ്പോഴും തുടരുന്നതിൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.