മൂന്നാര്‍: മാലിന്യം കുമിഞ്ഞ മുതിരപ്പുഴയാറിനെ വീണ്ടെടുക്കാന്‍ തദ്ദേശഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പദ്ധതിക്ക് മൂന്നാറില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എ. രാജ എം.എല്‍.എ നിര്‍വഹിച്ചു. മുതിരപ്പുഴ നമ്മുടേത് എന്ന പേരില്‍ ബഹുജന പങ്കാളിത്തത്തോടെയാണ് ശുചീകരണം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിനുശേഷം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഴയിലിറങ്ങി ശുചീകരണം നടത്തി. ഇനി മുതല്‍ പുഴ മലിനമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. പുഴയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ മൂന്നാര്‍ ടൗണില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച കാമറകൾ പ്രയോജനപ്പെടുത്തും.
ഇതിനായി രാത്രി കാവല്‍ക്കാരെയും പഞ്ചായത്ത് നിയമിക്കും. മാലിന്യനിവാരണ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഒരു വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കും. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, വൈസ് പ്രസിഡന്റ് രാജേന്ദ്രന്, സെക്രട്ടറി കെ.എന്‍. സഹജന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.