മൂന്നാർ: കൊളുന്ത് നിറച്ച ചാക്കുകളുമായി എത്തിയ ട്രാക്ടര്‍ കാട്ടാന തേയിലക്കാട്ടിലേക്ക് മറിച്ചിട്ടു. ആനയെ കണ്ടതോടെ ഇറങ്ങി ഓടിയ ഡ്രൈവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കടലാര്‍ എസ്റ്റേറ്റിലെ ആറാം നമ്പര്‍ ഫീല്‍ഡിലായിരുന്നു സംഭവം.
വൈകീട്ട് കൊളുന്തുചാക്കുകളുമായി തേയിലക്കാട്ടിന് ഇടയിലൂടെ വരുന്ന വഴിയിലാണ് ആന കുറുകെ എത്തിയത്. ഇതോടെ ഡ്രൈവര്‍ ഇറങ്ങി മാറിനിന്നു. ട്രാക്ടറില്‍നിന്നും ചാക്കുകള്‍ തുമ്പിക്കൈ കൊണ്ട് താഴെ വലിച്ചിട്ട ആന പിന്നീട് ട്രാക്ടര്‍ തേയിലക്കാട്ടിലേക്ക് തള്ളിയിടുകയായിരുന്നു.
കഴിഞ്ഞ മാസം നയമക്കാട് എസ്റ്റേറ്റില്‍ പട്ടാപ്പകല്‍ തേയില കൊളുന്ത് എടുക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് സമീപം കാട്ടാന എത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ രണ്ടു യുവാക്കള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ജനുവരിയില്‍ വേല്‍മുടി ബംഗ്ലാവിന് സമീപം ഓട്ടോയുമായി കാട്ടാനയുടെ മുന്നില്‍ പെട്ട ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡും നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീ ഫാക്ടറി ജീവനക്കാരനായ സന്തോഷും ആനയുടെ മുന്നില്‍നിന്ന് അടുത്തിടെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്.
കാട്ടാനകള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലും തോട്ടം മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. വന്യജീവി ആക്രമണം ഓരോ ദിവസവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനം വകുപ്പ് എത്രയും വേഗം ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നുള്ള ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.