മൂന്നാർ: ശക്തമായ കാറ്റിലും മഴയിലും ദേവികുളം താലൂക്കിൽ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം. 70 വീടും 500 ഏക്കറോളം കൃഷിഭൂമിയും നശിച്ചതായാണ് പ്രാഥമിക വിവരം. ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് വട്ടവട പഞ്ചായത്തിലാണ്. ഇവിടെ മാത്രം 12 വീടുകൾ പൂർണമായും 40 വീട് ഭാഗികമായും തകർന്നു. അടിമാലി മന്നാംകണ്ടം വില്ലേജിൽ രണ്ട് വീടും പൂർണമായും തകർന്നു. ഒരു കോടിയോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് തഹസിൽദാർ രാധാകൃഷ്ണൻ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നൂറിലേറെ മരങ്ങളാണ് റോഡിലേക്ക് കടപുഴകിയത്. മുപ്പതിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു. കൃഷിയിറക്കിയ 500 ഏക്കറോളം സ്ഥലവും നശിച്ചു. അടുത്തിടെയാണ് പാടത്ത് വിത്തിറക്കിയത്. ഇതെല്ലാം വെള്ളം പൊങ്ങി നശിച്ചു.
വട്ടവട, പഴത്തോട്ടം, കോവിലൂർ, കൊട്ടക്കാമ്പൂർ എന്നിവിടങ്ങളിലാണ് കാറ്റ് വൻനാശം വിതച്ചത്. രാത്രിയിൽ വീടുകളിൽ കിടന്നുറങ്ങിയ നാട്ടുകാർ ശക്തമായ കാറ്റിൽ വീടിെൻറ മേൽക്കൂരകൾ പറന്നുപൊങ്ങിയതോടെ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ, ചി ല വീടുകൾക്ക് മുകളിലേക്ക് മരങ്ങളും വീണത് ഭീതി ഇരട്ടിയാക്കി.
വട്ടവടയിലെ സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥർക്കും റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഇത് പുനഃസ്ഥാപിക്കാൻ 10 ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
മൂന്നാർ മലനിരകളിൽ മഴ ശക്തമായതോടെ മുതിരപ്പുഴയാറ്റിലെ നീരൊഴുക്ക് വർധിച്ചു. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം നിറഞ്ഞതോടെ ഹൈഡൽ പാർക്കിലേക്ക് വെള്ളം കയറിയെങ്കിലും അപകടഭീഷണി ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.