മൂന്നാര്‍: രാത്രിയിൽ പതിവായി ജനവാസ മേഖലകളില്‍ ഭീതി പടര്‍ത്തിയിരുന്ന കാട്ടാനകൾ പകലും തൊഴിലാളികൾക്ക് ഭീഷണിയാകുന്നു. മൂന്നാര്‍ കെ.ഡി.എച്ച്.പി കമ്പനിയുടെ നയമക്കാട് എസ്റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സമീപത്ത് കഴിഞ്ഞദിവസം കാട്ടാന എത്തി. രാത്രിയും പകലും ഒരുപോലെ കാട്ടാനകൾ എത്തുന്നത് തോട്ടം തൊഴിലാളികളില്‍ ഭീതി വിതക്കുകയാണ്.
മുമ്പ് ഒറ്റപ്പെട്ട എസ്റ്റേറ്റുകളിലും പ്രദേശങ്ങളിലും തമ്പടിച്ചിരുന്ന ഇവ ഇപ്പോൾ എല്ലാ എസ്റ്റേറ്റുകളിലും എത്താറുണ്ട്. മൂന്നാര്‍ ടൗണിനോടുചേര്‍ന്ന തിരക്കേറിയ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാര്‍ ടൗണില്‍നിന്ന് ഏറെ അകലെ അല്ലാത്ത ഡിവൈ.എസ്.പി ഓഫിസിനു സമീപം കാട്ടാനക്കൂട്ടമെത്തിയിരുന്നു. നയമക്കാട് എസ്റ്റേറ്റിനോട് തൊട്ടുചേര്‍ന്ന കന്നിമല എസ്റ്റേറ്റിലും രാപ്പകലില്ലാതെ കാട്ടാനകള്‍ എത്തുന്നത് പതിവാണ്. ചോലവനങ്ങളോട് ചേര്‍ന്ന വനങ്ങളിലാണ് കാട്ടാനകളെ തനിച്ചും കൂട്ടം ചേര്‍ന്നുമെല്ലാം കാണുന്നത്. വനമേഖലയോട് ചേര്‍ന്ന തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ് കാട്ടാനകളുടെ ഭീഷണി കൂടുതലും നേരിടുന്നത്.
കാട്ടാനകളുടെ നിരന്തരമായ സാന്നിധ്യത്തെ തുടര്‍ന്ന് വനംവകുപ്പിന് നിരവധി പരാതികള്‍ നൽകിയിട്ടുണ്ടെങ്കിലും ശാശ്വതപരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്നാറിലെ വനമേഖലയുടെ അതിർത്തി തോട്ടംമേഖലയില്‍നിന്ന് കാട്ടാനകളെ അകറ്റുന്നത് ദുഷ്കരമായതിനാല് വനംവകുപ്പും ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.