നെടുങ്കണ്ടം: പച്ചടി ഗവ. ആയുർവേദ ഡിസ്പെൻസറിയിലെത്തുന്ന രോഗികളിൽ ആർക്കെങ്കിലും പ്രാഥമിക ആവശ്യം നിർവഹിക്കണമെങ്കിൽ അയൽവാസികൾ കനിയണം. കഴിഞ്ഞ 31 വർഷമായി ചാരൽമെട്ടിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്കാണ് ഈ ദുർഗതി. 1993 സെപ്റ്റംബർ 29ന് ഇവിടെ പ്രവർത്തനം ആരംഭിച്ച ഗവ. ആയുർവേദ ഡിസ്പെൻസറി നാഷനൽ ആയുഷ് മിഷൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി നിലവിൽ ഉയർത്തിയെങ്കിലും ശൗചാലയം നിർമിക്കാൻ അധികൃതർക്കായിട്ടില്ല.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന് കീഴിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ഓട്ടോ വിളിച്ചും മറ്റുമാണ് ഇവിടെ രോഗികൾ എത്തുന്നത്. ദിനേന നൂറുകണക്കിന് രോഗികൾ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. എന്നാൽ, ശങ്ക തോന്നിയാൽ സമീപത്തെ അംഗൻവാടിക്കാരോ അയൽവീട്ടുകാരോ കനിയണം. നിലവിൽ ഡിസ്പെൻസറിയിൽ ഡോക്ടറും ആവശ്യത്തിന് ജീവനക്കാരും മരുന്നുമുണ്ട്. നാഷനൽ ആയുഷ് മിഷൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തിയതിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപ മുതൽ മുടക്കി യോഗ ഹാളിന്റെ നിർമാണം പൂർത്തീകരിക്കുകയും യോഗ ഇൻസ്ട്രക്ടറെയും വർക്കറെയും നിലവിൽ അനുവദിച്ചിട്ടുണ്ട്.
എന്നാൽ, ശൗചാലയം നിർമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് രോഗികൾ പറയുന്നത്. ശൗചാലയം നിർമിച്ച് നൽകണമെന്ന് നിരവധി തവണ പഞ്ചായത്തിന് നിവേദനം നൽകിയിട്ടുണ്ടെങ്കിലും മാറി വന്ന ഭരണ സമിതികൾ അനാസ്ഥ തുടരുകയാണ്. ഓരോ തവണയും അടുത്ത ബജറ്റിൽ ഉൾപ്പെടുത്തുമെന്ന പതിവ് ശൈലി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.