നെടുങ്കണ്ടം: മാവടിയില്‍ യുവാവിനെ കാണാതായ സംഭവത്തിലും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അപരിചിതെൻറ കത്തിക്കരിഞ്ഞ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിലും ഒരു വര്‍ഷമായിട്ടും തുമ്പുണ്ടാക്കാന്‍ പൊലീസിനായില്ല. 2019 സെപ്റ്റംബര്‍ മൂന്നിനാണ് ഗൃഹനാഥനെ കാണാതായത്. എന്നാല്‍, അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. കേസ് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് പരാതി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറുകയും എറണാകുളം റേഞ്ച് ഐ.ജിയോട് വിശദ അന്വേഷണത്തിന് ഡി.ജി.പി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കാണാതായ ഗൃഹനാഥെൻറ ഭാര്യ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. വീട്ടിലെത്തിയ പൊലീസ് സംഘം ഹൈകോടതിയില്‍ കേസ് നല്‍കിയതിൽ കാണാതായ ഗൃഹനാഥെൻറ ഭാര്യയോട് ദേഷ്യപ്പെട്ട്് സംസാരിച്ചു.
ശേഷം പൊലീസ് സംഘം വീണ്ടുമെത്തി വെള്ളക്കടലാസിൽ സ്റ്റേറ്റ്മെൻറ് എടുത്ത് ഒപ്പിട്ടു വാങ്ങുകയും പരാതിയില്ലെന്ന രീതിയില്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഇതിനിടെയാണ് മാവടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തതല്ലാതെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകമെന്ന് സംശയം ഉണ്ടായിരുന്നു. 2019 സെപ്റ്റംബറില്‍ കാണാതായ ഗൃഹനാഥെൻറ അസ്ഥികൂടമെന്നായിരുന്നു പ്രാഥമിക നിഗമനം.
40ന് മുകളില്‍ പ്രായമുള്ള പുരുഷെൻറ അസ്ഥികൂടമാണിതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്്്്്. അസ്ഥികൂടത്തിെൻറ സമീപത്തുനിന്ന് കത്തിക്കരിഞ്ഞ മൊബൈല്‍ ഫോണ്‍, തീപിടിച്ച വസ്ത്രങ്ങളുടെ ഏതാനും ഭാഗം, ഇന്ധനം എത്തിച്ച കുപ്പിയുടെ ഭാഗം, ചെരിപ്പ്, കുട എന്നിവയും കണ്ടെത്തി.
ഇതിനു പുറമെ, സ്ഥലത്തുനിന്ന് മറ്റ് രണ്ടു ചെരിപ്പും കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസിനു മൊഴി നല്കിയ വീട്ടമ്മയെ ജീപ്പിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. അസ്ഥികൂടം കാണാതായ പ്രദേശവാസിയുടേതെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ നടപടി ആരംഭിച്ചിരുന്നു.
കാണാതായ ഗൃഹനാഥെൻറ സഹോദരെൻറ രക്തസാമ്പിളാണ് ഡി.എന്‍.എ പരിശോധനക്കുവേണ്ടി പൊലീസ് ശേഖരിച്ചത്. 2020 മേയ് ആറിനാണ് മാവടി കൈലാസം റോഡില്‍ 150 മീറ്റര്‍ മുകളിലായുള്ള ചെങ്കുത്തായ പ്രദേശത്ത്് അസ്ഥികൂടം കണ്ടെത്തിയത്.
പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത്് കമ്പികൊണ്ട് ചുറ്റിക്കെട്ടിയ നിലയിലായിരുന്നു അസ്ഥികൂടം. ഡി.എന്‍.എ പരിശോധനഫലവും സൂപ്പര്‍ ഇംപോസിഷന്‍ ഫലവും ലഭിക്കാത്തതാണ് അന്വേഷണത്തിനു തടസ്സമെന്നാണ് പൊലീസ് ഭാഷ്യം. ഇതിനിടെ രണ്ടുതവണ നെടുങ്കണ്ടം പൊലീസ് പരിശോധനഫലം ആവശ്യപ്പെട്ട്്് കത്ത് നല്‍കിയിട്ടും ലബോറട്ടറിയില്‍നിന്ന് ഫലം ലഭിച്ചില്ലെന്ന് പറയുന്നു.
അസ്ഥികൂടത്തില്നിന്ന് വെപ്പുപല്ല് ലഭിച്ചിരുന്നു. കാണാതായ ആള് നെടുങ്കണ്ടത്തെ ദന്താശുപത്രിയില്നിന്ന്് പല്ല്് വെച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കാത്തതാണ് അന്വേഷണം പാതിവഴിയില്‍ മുടങ്ങാന്‍ കാരണമെന്നാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.