നെടുങ്കണ്ടം: വാട്സ്ആപ് സന്ദേശത്തിലൂടെ വായ്പ വാഗ്ദാനം ചെയ്ത് ആസ്പെയർ ഫിനാൻസ് കമ്പനിയുടെ ലിങ്ക് അയച്ച് നൽകി വീട്ടമ്മയുടെ 43,600 രൂപ തട്ടിയെടുത്തതായി പരാതി. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശിനിയുടെ പണമാണ് അജ്ഞാതൻ തട്ടിയെടുത്തത്. ഫെബ്രുവരി മൂന്നിനാണ് സംഭവം. 50,000 മുതൽ 1.5 ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്സാപ്പ് വഴി ആദ്യം സ്ത്രീ സംസാരിച്ചു.
പിന്നീട് പുരുഷൻ കമ്പനിയുടെ അസി.മാനേജർ എന്ന് സ്വയം പരിചയപ്പെടുത്തി. അപേക്ഷ ഫോറം അയച്ചുനൽകി. വീട്ടമ്മയുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. പിറ്റേന്ന് വിളിച്ച് ലോൺ പാസായി എന്നും നന്ദൻ എന്ന മാനേജർ വെരിഫൈ ചെയ്യാൻ വിളിക്കുമെന്നും അറിയിപ്പ് നൽകി. തുടർന്ന് നന്ദൻ വിളിച്ച് ആദ്യ വായ്പ ആയതിനാൽ സർക്കാർ ഉദ്യോഗസ്ഥനെ ഗ്യാരണ്ടർ ആയി വേണമെന്ന് ആവശ്യപ്പെട്ടു.
ജാമ്യക്കാർ ഇല്ലെന്ന് വീട്ടമ്മ പറഞ്ഞതോടെ പകരം 5000 രൂപ നൽകണമെന്നും വായ്പ തുകയായ 50000 രൂപയോടൊപ്പം നൽകാമെന്നും പറഞ്ഞു. വീട്ടമ്മ പണം നൽകി. 10 മിനിറ്റ് കഴിഞ്ഞ് വീട്ടമ്മ തിരികെ വിളിച്ചപ്പോൾ വീട്ടമ്മ നൽകിയ അക്കൗണ്ട് നമ്പരിൽ അക്ഷരം കൂടുതൽ വന്നതിനാൽ കമ്പനിയുടെ അക്കൗണ്ടിൽ 30 ലക്ഷം രൂപ ബ്ലോക്ക് ആയി.
അതിന് നിങ്ങളുടെ പേരിൽ കേസ് വരുമെന്ന് പറഞ്ഞ് പിഴയായി 20,000 രൂപ വീട്ടമ്മയിൽ നിന്ന് ഈടാക്കി. തുടർന്ന് കമ്പനിയുമായി ബന്ധപ്പെട്ട് വായ്പ പണം വന്നില്ലെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി ഇനത്തിൽ 18600 രൂപകൂടി വാങ്ങി. അങ്ങനെ വീട്ടമ്മയുടെ 43600 രുപ അജ്ഞാതർ തട്ടിയെടുത്തു.
നിലവിൽ വായ്പയുമില്ല. ഇവരാരും ഓൺലൈനിലുമില്ല. അക്കൗണ്ട് നമ്പറിൽ അക്ഷരം കൂടുതൽ വന്നത് തട്ടിപ്പു സംഘം ബോധപൂർവം വരുത്തിയതാണെന്നും വീട്ടമ്മ പറഞ്ഞു. കമ്പനിയുടെ ഹെഡ് ഓഫീസ് ചെന്നൈയിലാണെന്നാണ് പറയുന്നത്. തട്ടിപ്പിനിരയായ വീട്ടമ്മ ഉടുമ്പൻചോല പൊലീസിലും സൈബർ സെല്ലിനും പരാതി നൽകി. ഇതേ രീതിയിൽ നിരവധിയാളുകൾ തട്ടിപ്പിനിരയായിട്ടുള്ളതായി പൊലീസ് പറഞ്ഞു.
തൊടുപുഴ: ബാങ്ക് െക്രഡിറ്റ് കാർഡിന്റെ പേരിൽ സൈബർ തട്ടിപ്പ്. യുവാവിന്റെ 17,000 രൂപ പോയി. ക്രെഡിറ്റ് കാർഡ് നൽകുമെന്ന ഫേസ്ബുക്ക് പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെട്ട ആലക്കോട് മീൻമുട്ടി സ്വദേശി യുവാവിന്റെ പണമാണ് നഷ്ടപ്പെട്ടത്. മൂന്ന് മണിക്കൂറിനകം തിരിച്ച് വിളിക്കാമെന്ന് യുവാവ് പറഞ്ഞെങ്കിലും 15 മിനിറ്റിനകം ലിങ്ക് അയക്കുകയും ഫോണിൽ വിളിച്ച് കെ.വൈ.സി പൂരിപ്പിച്ചയക്കാനും ആധാറിന്റെ കോപ്പി അപ്ലോഡ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. ലിങ്കിലെ ഫോം പൂരിപ്പിച്ച് ജോയിന്റ് ചെയ്തതോടെ ഹാക്ക് ചെയ്യപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് ഉടൻ കട്ട് ചെയ്തു.
വിവരം ബാങ്കിൽ അറിയിെച്ചങ്കിലും രണ്ടു ബാങ്കുകളിൽ നിന്നായി തുക നഷ്ടപ്പെട്ടിരുന്നു. ഉടനെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ തുക നഷ്ടപ്പെടാതെ രക്ഷിക്കാൻ കഴിഞ്ഞു. തൊടുപുഴ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
തട്ടിപ്പുകാർ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചത്. കൃത്യമായി തിരിച്ചടക്കുന്നവർക്ക് പലിശ രഹിത ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നവമാധ്യമങ്ങൾ മുഖേന വ്യാപകമായി വ്യാജ ബാങ്ക് പരസ്യം നൽകിയതിനാൽ നിരവധി ആളുകൾ തട്ടിപ്പിൽ പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ട്. പരാതിയുമായി ബാങ്കിൽ എത്തിയപ്പോൾ അഞ്ച് ലക്ഷം രൂപവരെ നഷ്ടപ്പെട്ട പരാതി ലഭിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞുവത്രേ. നാണക്കേട് മൂലം പുറത്ത് പറയാൻ മടിക്കുന്നവരാണ് ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.