നെടുങ്കണ്ടം (ഇടുക്കി): ഇരട്ടവോട്ട് തടയാന്‍ ജില്ലയുടെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ സായുധ സേനയെ വിന്വസിച്ചു. തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി കടന്നെത്തി വോട്ട് രേഖപ്പെടുത്താനുള്ള നീക്കം തടയുകയാണ് ലക്ഷ്യം. ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍, കുമളി, ചെക്പോസ്റ്റുകളിലാണ് സേനയെ വിന്യസിച്ചത്. അതിര്‍ത്തി കടന്നെത്തുന്നവരുടെ വാഹനങ്ങളും രേഖകളും കൃത്യമായി പരിശോധിച്ചശേഷം മാത്രമേ കടത്തിവിടൂ.
തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ വ്യാപകമായി തെരഞ്ഞെടുപ്പിന് ഇടുക്കിയിലേക്ക് എത്തുന്നത് പതിവാണ്. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍ ഇരട്ടവോട്ടുകള്‍ ഏറെ. ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തികളില്‍ സേനയെ വിന്യസിച്ചത്.
അതിര്‍ത്തി ചെക്പോസ്റ്റ് അടച്ചിടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാന്‍ പാടില്ലെന്ന നിലപാടിൽ കോടതി, കേന്ദ്രസേനയെ വിന്യസിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സേനയോടൊപ്പം പൊലീസും ചെക്പോസ്റ്റുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യാത്രാലക്ഷ്യം പൂര്‍ണമായി ബോധ്യപ്പെടുന്നവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ.
മുന്‍ തെരഞ്ഞെടുപ്പുകളിലും ജില്ലയില്‍ ഇരട്ടവോട്ട് വിവാദം ഉയര്‍ന്നിരുന്നു. നിസ്സാര വോട്ടുകള്‍ക്കാണ് ഇടുക്കിയില്‍ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചതും പരാജയപ്പെട്ടതും. ഇരട്ട വോട്ട് തെരഞ്ഞെടുപ്പ് വിധിയെതന്നെ സ്വാധീനിക്കുന്ന സാഹചര്യം നിലനില്‍ക്കെയാണ് ഇത്തവണത്തെ നടപടി.
മറയൂര്‍: മറയൂര്‍-ചിന്നാർ അതിർത്തിയിൽ കേന്ദ്ര സേനയുടെയും പൊലീസിെൻറയും പരിശോധന ശക്തമാക്കി. കേന്ദ്ര സേനയിലെ എട്ട് അംഗസംഘവും പൊലീസ് സേനയിലെ എട്ടുപേരും കൂടാതെ വനം, എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് അതിര്‍ത്തിയിലെ പരിശോധന. വോട്ടുമായി ബന്ധപ്പെട്ട പണമൊഴുക്ക് തടയാനും ഇരട്ട വോട്ടര്‍മാരെ കണ്ടെത്താനും മറ്റു കുറ്റകൃത്യങ്ങള്‍ തടയാനുമാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.