നെടുങ്കണ്ടം: ഹൈറേഞ്ച് മേഖലയിലടക്കം കാലവര്‍ഷം അകന്നുനില്ക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. പ്രത്യേകിച്ചും അതിർത്തി മേഖലയായ പട്ടം കോളനി മേഖലയിൽ വേനൽമഴ പോലും പെയ്തിട്ടില്ല.
മറ്റിടങ്ങളിലൊക്കെ വേനൽ മഴയും ഏറെക്കുറെ കാലവർഷ മഴയും ലഭിച്ചെങ്കിലും പട്ടം കോളനി മേഖലയിലെ മിക്ക ജലസ്രോതസ്സുകളും കിണറുകളും വെള്ളമില്ലാതെ വരണ്ടു.
കരുണാപുരം പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, ഏലം കൃഷി കൂടുതലുള്ള ഉടുമ്പൻചോല താലൂക്കിലെ രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളിലാണ് ഏറ്റവും മഴകുറവ്.
മഴക്കുറവ് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് ഏലം, കുരുമുളക് കൃഷികളെയാണ്. മുന്‍വര്‍ഷങ്ങളില്‍ മഴയുടെ അളവില്‍ കുറവുണ്ടായത് കുരുമുളകിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും കുരുമുളക് ചീരിന്റെ അളവ് ഗണ്യമായി വർധിക്കുകയും ചെയ്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു.
കുരുമുളക് ചെടികളിൽ പരാഗണം നടക്കുന്നത് വെള്ളത്തിലൂടെയാണ്. അതുകൊണ്ട് യഥാസമയം മഴ ലഭിക്കാത്തത് തിരിച്ചടിയാകും.
ഇതോടൊപ്പം കാലാവസ്ഥ വ്യതിയാനം മൂലം മഞ്ഞപ്പ്, തിരികൊഴിച്ചിൽ, ഇലകരിച്ചിൽ തുടങ്ങിയ രോഗബാധയും വ്യാപകമാണ്. വേനലിനുശേഷം കുരുമുളക് ചെടികൾ തളിർക്കേണ്ട സമയത്ത് മഴ ലഭിക്കാത്തത് ഉൽപാദനം കുറയാൻ കാരണമാകുമെന്ന് കർഷകർ പറയുന്നു.
ഏലച്ചെടികള്‍ കരിഞ്ഞുണങ്ങുകയും ഒപ്പം ഉല്പാദനം മൂന്നിലൊന്നായി കുറയുകയും ചെയ്ത സംഭവവുമുണ്ട്. വൻകിട തോട്ടങ്ങളിലുൾപ്പെടെ കൃഷിപ്പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. മഴ ശക്തമായാൽ മാത്രമേ ഏലത്തിന് വളപ്രയോഗം നടത്താൻ കഴിയൂ.
ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ പച്ചപ്പുല്ലിന്റെ ദൗർലഭ്യം ക്ഷീരമേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ചോളത്തട്ടയും വൈക്കോലുമാണ് കാലികൾക്ക് തീറ്റയായി നൽകുന്നത്. കൃഷിയിടങ്ങളിൽ ജൂൺ പകുതിയോടെ പച്ചപ്പുല്ല് വളരേണ്ടതാണ്. എന്നാൽ, കൃഷിയിടങ്ങളിൽ പച്ചപ്പുല്ല് വളർന്നിട്ടില്ല.
ഈ വര്‍ഷവും മഴയുടെ തോത് ഗണ്യമായി കുറഞ്ഞതിനാല്‍ എല്ലാവിധ കൃഷികളെയും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.
1980വരെയാണ് ഹൈറേഞ്ചില്‍ ശക്തമായ മഴ ലഭിച്ചിട്ടുള്ളത്. രണ്ട് പ്രളയങ്ങൾ ഒഴിവാക്കിയാൽ 2000ന് ശേഷം മഴയുടെ അളവില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജൂൺ പകുതി വരെ മൺസൂൺ മഴ യിൽ 48 ശതമാനംവരെ കുറവുണ്ടായി.
തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മേഖലയിലാണ് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.