നെടുങ്കണ്ടം: മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തുകയും കോടികള്‍ തട്ടുകയും ചെയ്ത ഡീലേഴ്സ് കോ-ഓപറേറ്റീവ് ബാങ്കിന് മുന്നില്‍ നിക്ഷേപകർ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഒരുങ്ങുന്നു.
നെടുങ്കണ്ടത്തെ ഹെഡ് ഓഫീസിലും കുമളി, അടിമാലി, കട്ടപ്പന എന്നീ ബ്രാഞ്ചുകളിലും നൂറുകണക്കിന് ആളുകളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍, കാലാവധി പൂര്‍ത്തിയായതും അല്ലാത്തതുമായ നിക്ഷേപങ്ങള്‍ തിരികെ നല്കാന് അധികൃതര്‍ തയാറാകുന്നില്ല.
നിക്ഷേപകരില്‍ 70 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരാണ്. ഇവര്‍ എല്ലാദിവസവും എന്നപോലെ ബാങ്ക് കയറിയിറങ്ങുകയാണ്. വൃക്കരോഗികള്‍, ഹൃദ്രോഗ ബാധിതര്‍, കാന്‍സര്‍ രോഗികള്‍, വയോധികർ, വിധവകൾ ഉൾപ്പെടെയുള്ളവര്‍ ചികിത്സക്കും മരുന്നിനും പണമില്ലാതെ വിഷമിക്കുകയാണ്. കൃഷിക്കാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, പ്രവാസികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവരും നിക്ഷേപത്തുക ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
ഈ സഹകരണ പ്രസ്ഥാനത്തെ സംബന്ധിച്ച് കോടികളുടെ വെട്ടിപ്പ് കഥയാണ് ഓരോ ദിവസവും പുറത്തുവരുന്നത് നിക്ഷേപത്തുക തിരികെ ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്കും നവകേരള സദസ്സിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വഞ്ചിതരായ നിക്ഷേപകര്‍ തിങ്കളാഴ്ച മുതല്‍ നെടുങ്കണ്ടത്തെ ഹെഡ് ഓഫീസിന് മുമ്പില്‍ രാപ്പകല്‍ സമരം ആരംഭിക്കുന്നത്.
രാപ്പകല്‍ സമരത്തോടൊപ്പം ഒരാള്‍ നിരാഹാര സത്യാഗ്രഹവും ആരംഭിക്കുമെന്ന് നിക്ഷേപകരായ കെ.കെ വിജയകുമാര്‍, എം.എസ് വേണുഗോപാലന്‍ നായര്‍, വസന്തകുമാരി, കെ.എ വര്‍ഗീസ്, പി.ആര് മോഹനചന്ദ്രന് നായര്‍, എസ് വിജയമ്മ, ചെറിയാന്, പി.കെ രാധാകൃഷ്ണന് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.