നെടുങ്കണ്ടം: കല്ലാറില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ഇനിയും യാഥാർഥ്യമായില്ല. തേക്കടി -മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനടുത്ത് കല്ലാറില്‍ പദ്ധതിയുടെ സാധ്യത പഠനം നടത്തി നാലുവര്‍ഷമായിട്ടും പ്രാരംഭനടപടിപോലും ആരംഭിച്ചിട്ടില്ല. പഠന റിപ്പോര്‍ട്ട് തയാറായാൽ സഞ്ചാരികളെ ആകർഷിക്കാൻ കല്ലാര്‍ പാലത്തിന് സമീപം ആധുനിക പാര്‍ക്ക് നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം.
പദ്ധതി യാഥാര്‍ഥ്യമായാല്‍ ദീര്‍ഘദൂര യാത്രക്കിടെ സഞ്ചാരികള്‍ക്ക് തങ്ങാന്‍ നെടുങ്കണ്ടം ഇടത്താവളമായി മാറും. ചെക്ക്ഡാമിനു സമീപത്തായി പാര്‍ക്കും അനുബന്ധ സൗകര്യമൊരുക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയിലൂടെ പഞ്ചായത്തിനും കാര്യമായ വരുമാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. നെടുങ്കണ്ടം മേഖലയില്‍ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിനു സാധ്യതയുള്ള പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും പ്രദേശവാസികളും ചേര്‍ന്ന്് എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ നിവേദനം നല്‍കുകയും തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നതതല സംഘം സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു.
മിനി ചെക്ക് ഡാം നിര്‍മിച്ചശേഷം സഞ്ചാരികൾക്കായി ചെറിയ പെഡല്‍ ബോട്ടുകള്‍ ആരംഭിക്കണമെന്നായിരുന്നു പൊതുജന താല്പര്യവും. മിനി ചെക്ക്ഡാം വേനല്‍ക്കാലത്ത് പഞ്ചായത്തിലെ ജലക്ഷാമത്തിനും പരിഹാരമാകും.
രാമക്കൽമേട്ടിലെത്തുന്ന യാത്രക്കാരില്‍ ഏറിയ പങ്കും മൂന്നാറിലെത്തുന്നുണ്ട്. ഇവരെ നെടുങ്കണ്ടത്തേക്ക് ആകര്‍ഷിക്കാനും ഹൈഡല്‍ ടൂറിസം പദ്ധതിയിലൂടെ കഴിയുമായിരുന്നു.
കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലൂടെ ദിനംപ്രതി ആയിരക്കണക്കിനു സഞ്ചാരികളാണ് കടന്നുപോകുന്നത്. മൂന്നാര്‍, രാമക്കല്‍മേട് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളില്‍ ഭൂരിഭാഗവും നെടുങ്കണ്ടം വഴിയാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.