നെടുങ്കണ്ടം: ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ സംഘാടകരായ ഗ്രാമപഞ്ചായത്തും കാഴ്ചക്കാരും ഇല്ലാതെ കാലി കസേരകള്‍ക്ക് മുന്നില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഹരിതകർമ സേനാംഗമായ വയോധിക. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി ക്ഷണിച്ചുവരുത്തി ആക്ഷേപിച്ചതായാണ് വസന്തകുമാരിയുടെ പരാതി.
ആടുജീവിതത്തിലെ പൃഥ്വിരാജ് അവതരിപ്പിച്ച പെരിയോനെ. എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു അവതരിപ്പിച്ചത്. ഹരിതകര്‍മ സേനാംഗങ്ങൾ പരിപാടികൾ അവതരിപ്പിക്കണമെന്ന് സെക്രട്ടറി മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് രാവിലെ പഞ്ചായത്ത് ഓഫിസിൽ എത്തിയപ്പോള്‍ 11.30ന് തുടങ്ങണമെന്ന് പറഞ്ഞതനുസരിച്ച് കമ്യൂണിറ്റി ഹാളിലെത്തിയെങ്കിലും സംഘാടകര്‍ ആരും എത്തിയിരുന്നില്ല.
ഉച്ചക്ക് രണ്ടോടെയാണ് പഞ്ചായത്ത് അധികൃതര്‍ എത്തിയത്. ഇവര്‍ വന്നപാടെ വന്നവര്‍ക്കും പോയവര്‍ക്കും നിന്നവര്‍ക്കും ആശംസ അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ സദ്യക്ക് നേരമായി. ഇതോടെ ഹാളിൽനിന്ന് എല്ലവരും ഇറങ്ങി സദ്യ ലക്ഷ്യമാക്കി നീങ്ങിയെന്നാണ് ആരോപണം.
സദ്യ കഴിഞ്ഞ് പഞ്ചായത്ത് അംഗങ്ങളും കാണികളും മറ്റും മടങ്ങിവരുമെന്നു കരുതി പരിപാടികള്‍ അവതരിപ്പിക്കാന്‍ വസന്തകുമാരി വേഷം മാറിയെങ്കിലും ആരും മടങ്ങിയെത്തിയില്ല. തുടർന്ന് വേഷം മാറാന്‍ തുടങ്ങിയപ്പോള്‍ ഉച്ചഭാക്ഷിണി ഓപറേറ്റര്‍ നല്കിയ പിന്‍ബലത്തില്‍ ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ ദശ്യാവിഷ്കാരം നടത്തി വേദിയില്‍ നിറഞ്ഞാടുകയായിരുന്നു.
ഇത് സമൂഹമാധ്യമത്തിൽ വൈറലായി. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വസന്തകുമാരിയുടെ ഇപ്പോഴത്തെ ഭയം ജോലി പോകുമോ എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.