നെടുങ്കണ്ടം: കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഭൂമയിൽ അനധികൃത നിർമാണം തകൃതിയായി നടക്കുന്നു. കേരള-തമിഴ്നാട് അതിർത്തിയിൽ ഉടുമ്പൻചോലക്ക് സമീപം മാൻകുത്തിമേട്ടിലാണ് സ്വകാര്യ വ്യക്തി 40 സെന്റ് സർക്കാർ ഭൂമി കൈയേറി കാരവൻ പാർക്ക് നിർമിക്കുന്നത്.
കൈയേറ്റം ഒഴിപ്പിക്കാൻ ഒരുമാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല. ഹൈകോടതി ഉത്തരവ് അവഗണിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് 40 സെന്റ് സര്‍ക്കാർഭൂമി കൈയേറിയാണ് നിര്‍മാണമെന്ന് കണ്ടെത്തിയത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും രണ്ടു ടെന്റുകളും കെ.എസ്.ആര്.ടി.സി ബസിന്റെ ബോഡിയും സര്‍ക്കാര്‍ ഭൂമിയിലാണെന്നും കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള സ്ഥലത്തിന്റെ സര്‍വേ നമ്പറിലും വ്യത്യാസമുണ്ടെന്ന് റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
നിര്‍മാണങ്ങള്‍ നീക്കാനും കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനും കഴിഞ്ഞ മാസം മൂന്നിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല.
ഉടുമ്പൻചോലക്കടുത്ത് മാന്‍കുത്തിമേട്ടില്‍ 2022ലാണ് സര്‍ക്കാറിന്റെ കാരവന് ടൂറിസം പോളിസി പ്രകാരം കാരവന് പാര്‍ക്ക് സ്ഥാപിക്കാന്‍ കറുകച്ചാല്‍ സ്വദേശി മൂന്നേക്കര്‍ കൃഷി ഭൂമി വാങ്ങിയത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയതാണ് സ്ഥലം. എന്നാല്‍, ഇവിടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ലാത്തതിനാല്‍ ആഗസ്റ്റില്‍ ചതുരംഗപ്പാറ വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്കി.
തുടര്‍ന്ന് സ്ഥല ഉടമ ഹൈകോടതിയെ സമീപിച്ചതോടെ തല്‍സ്ഥിതി തുടരാനും പരിശോധിച്ച് നടപടിയെടുക്കാനും റവന്യൂ വകുപ്പിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇത് അവഗണിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെ ഡിസംബറില്‍ രണ്ടാമതും സ്റ്റോപ് മെമ്മോ നല്കി. തുടര്‍ന്ന് റവന്യൂ വകുപ്പ് നടത്തിയ സര്‍വേയില്‍ തെറ്റുണ്ടെന്നും വീണ്ടും സ്ഥലം അളക്കണമെന്നും കാണിച്ച് ഉടമ ഉടുമ്പൻചോല തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കലക്ടര്‍ ഇത് സര്‍വേ ഡെപ്യൂട്ടി ഡയര്റക്ടര്ക്ക് കൈമാറി. അടുത്ത ദിവസം തന്നെ കയേറ്റമൊഴിപ്പിക്കാനുള്ള നടപടികള്‍ സ്വകരിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.