നെടുങ്കണ്ടം: കൂട്ടാർ ടൗണിലെ ടോയ്ലറ്റ് വർഷങ്ങളായി ഉപയോഗശൂന്യം. കൂട്ടാറിലെ കരുണാപുരം പഞ്ചായത്ത് ഓഫിസിന് സമീപത്താണ് ടൗൺ ടോയ്ലറ്റ്. 2011-2012 വർഷത്തിൽ സമ്പൂർണ ശുചിത്വ യജ്ഞം പരിപാടിയുടെ ഭാഗമായാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ടോയ്ലറ്റ് നിർമ്മിച്ചത്.
രണ്ട് ലക്ഷം രൂപ മുതൽ മുടക്കി നിർമിച്ച ടൗൺ ടോയ്ലറ്റ് ഉപയോഗയോഗ്യമല്ലാത്തതിനാൽ ടൗൺ നിവാസികളും യാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. ടൈലുകൾ പതിച്ച് മൂന്ന് മുറികളോടെ ആധുനിക സൗകര്യങ്ങളോടെയായിരുന്നു നിർമ്മാണം.
ഉദ്ഘാടന മാമാങ്കം നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും തൊട്ടടുത്ത ദിവസം അടച്ചുപൂട്ടി. നൂറോളം വ്യാപാര സ്ഥാപനങ്ങളും കുടുംബശ്രീ, കൃഷിഭവൻ, ബാങ്കുകൾ, ഡിസ് പെൻസറികൾ തുടങ്ങി നിരവധി ഓഫിസുകളും കൂട്ടാറിൽ പ്രവർത്തിക്കുന്നുണ്ട്.
നൂറു കണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കായി ദിനേന കൂട്ടാറിൽ എത്തുന്നുണ്ട്. ടോയ്ലറ്റ് അറ്റകുറ്റിപ്പണി നടത്താനൊ പൂർണമായും ഉപയോഗ യോഗ്യമാക്കാനൊ അധികൃതർ തയാറാവുന്നില്ല. കുട്ടികളും സ്ത്രീകളും പ്രാഥമിക ആവശ്യം നിറവേറ്റാൻ സമീപത്തെ വീടുകളെയോ വ്യാപാര സ്ഥാപനങ്ങളെയൊ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ടോയ്ലറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി കരുണാപുരം ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ അനുവദിച്ചതായി പറയാൻ തുടങ്ങിയിട്ട് കാലം ഏറെയായി. മാർച്ചിൽ പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി ടോയ്ലറ്റ് ഉപയോഗ യോഗ്യമാക്കുമെന്നാണ് കരുണാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.