നെടുങ്കണ്ടം: ഒരിടവേളക്കുശേഷം രാമക്കൽമേട് മേഖലയിൽ വീണ്ടും ചന്ദനമോഷണം പതിവാകുന്നു. കഴിഞ്ഞദിവസം രാമക്കൽമേട് ചക്കക്കാനത്ത് ഭാഗത്തുനിന്ന് പ്ലാമ്പറമ്പിൽ എൻ.ആർ. രാജന്റെ പുരയിടത്തിൽനിന്നുമാണ് രാത്രിയിൽ ചന്ദനം മോഷണം പോയത്.
പത്തടി ഉയരവും 30 ഇഞ്ച് വണ്ണമുള്ള ചന്ദന മരമാണ് മോഷണം പോയത്. കേരള തമിഴ്നാട് അതിർത്തി മേഖലയായ ബാലൻപിള്ള സിറ്റി കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
മാസങ്ങൾക്ക് മുമ്പ് തൂക്കുപാലം അമ്പതേക്കറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് രണ്ട് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. മറയൂർ കഴിഞ്ഞാൽ ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ളത് പട്ടം കോളനിയിലെ സ്വകാര്യ ഭൂമികളിലാണ്. ഇവിടങ്ങളിൽനിന്ന് കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളായി ചെറുതും വലുതുമായ നൂറുകണക്കിന് ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, ഒരു കേസുപോലും തെളിയിക്കാനോ പ്രതികളെ പിടികൂടാനൊ വനംവകുപ്പിനൊ പൊലീസിനൊ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പോലും എങ്ങും എത്തിയില്ല.
പ്രതികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെ തുടർന്നാണ് അന്വേഷണം മരവിപ്പിച്ചതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പട്ടം കോളനി മേഖലയിൽ ചന്ദനമാഫിയ അഴിഞ്ഞാടുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് മുമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. പക്ഷേ, പ്രതികളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.