നെടുങ്കണ്ടം: ഏഴ് പതിറ്റാണ്ടാകാറായിട്ടും പട്ടം കോളനിവാസികളുടെ പഞ്ചായത്ത് എന്ന സ്വപ്നം ഇനിയും യാഥാർഥ്യമായിട്ടില്ല. മാത്രമല്ല വാര്‍ഡ് വിഭജനത്തെപ്പറ്റിയുള്ള ചര്‍ച്ച കൊടുമ്പിരി കൊള്ളുമ്പോള്‍ രൂപവത്കരണം ഇനിയും കാറ്റില്‍ പറക്കാനാണ് സാധ്യത. ഒമ്പത് വര്‍ഷം മുമ്പ് പ്രഖ്യാപനം വന്നെങ്കിലും വിവിധ കാരണങ്ങളാല്‍ മുടങ്ങി. ഇക്കുറിയും വാർഡ് വിഭജനത്തെപ്പറ്റിയല്ലാതെ പഞ്ചായത്ത് രൂപവത്കരണത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
1955ല്‍ കല്ലാര്‍ പട്ടം കോളനി രൂപവത്കൃതമായതു മുതല്‍ പഞ്ചായത്ത് വേണമെന്ന ആവശ്യവുമായി സര്‍ക്കാറിന്റെ മുന്നില്‍ കയറിയിറങ്ങുകയാണ്. കല്ലാര്‍ പട്ടം കോളനിയുടെ രൂപവത്കരണമാണ് സംസ്ഥാന രൂപവത്കരണ സമയത്ത് ഹൈറേഞ്ച് കേരളത്തിനൊപ്പം നില്ക്കാന് ഇടയാക്കിയത്. പലതവണ പ്രഖ്യാപനം വന്നെങ്കിലും ഒടുവില്‍ പട്ടം കോളനിക്കാരെ നിരാശരാക്കുകയായിരുന്നു. ഇതിനിടെ രണ്ടുതവണ ഉത്തരവ് ഇറക്കിയെങ്കിലും വിവിധ കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടു.
2020ല്‍ വിലങ്ങ് വീണത് സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. 2015 ആഗസ്റ്റില്‍ പട്ടം കോളനി പഞ്ചായത്ത് രൂപവത്കരണത്തിന്റെ പ്രഖ്യാപനം വന്നു. മുണ്ടിയെരുമ നിവാസികളും തൂക്കുപാലം നിവാസികളും ആസ്ഥാനം വേണമെന്ന വാശിയില്‍ പഞ്ചായത്തിനെ ചൊല്ലിയുണ്ടായ പൊല്ലാപ്പും ഏറെയായി. ആസ്ഥാനത്തെചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെ തൂക്കുപാലത്ത് ഓഫിസിനായി കെട്ടിടനിര്‍മാണം ആരംഭിച്ചു. താല്‍ക്കാലിക സെക്രട്ടറിക്ക് ചുമതലയും നല്കി. എന്നാല്‍, തര്‍ക്കം കോടതിയില്‍ എത്തുകയും കമീഷന് അന്വേഷണത്തിനെത്തുകയും ചെയ്തു. ഇതിനിടെ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകളെ ചൊല്ലിയുണ്ടായ തര്‍ക്കം മൂലം കോടതി ഇടപെട്ടതും പഞ്ചായത്ത് നഷ്ടപ്പെടാനിടയായി.
ഒരു പഞ്ചായത്തില്‍ ഒരു വില്ലേജ് മാത്രമേ പാടുള്ളൂവെന്ന നിയമം നിലനില്‍ക്കെ പട്ടം കോളനി പഞ്ചായത്തില്‍ മൂന്ന് വില്ലേജാണുള്ളത്. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലായാണ് പട്ടം കോളനി സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ തൂക്കുപാലത്തിന്റെ വികസനത്തിന് വിലങ്ങു തടിയായതും ഇതു തന്നെയാണ്. നെടുങ്കണ്ടം പഞ്ചായത്തിലെ ഏഴാം വാര്‍ഡിന്റെ പകുതിയും എട്ട് മുതല്‍ 14 വരെയുള്ള വാര്‍ഡുകളും പാമ്പാടുംപാറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളുടെ പകുതിയും നാലാം വാര്‍ഡ് പൂര്‍ണമായും കരുണാപുരം പഞ്ചായത്തിന്റെ ഒന്ന്, രണ്ട് മൂന്ന് വാര്‍ഡുകളും ചേര്‍ത്ത് പുതിയ പഞ്ചായത്ത് രൂപവത്കരിക്കുമെന്നായിരുന്നു ആദ്യതീരുമാനം.
രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുണ്ടായ പട്ടിണിക്ക് തടയിടാനും തമിഴ് ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഈ ഭൂപ്രദേശം തമിഴ്നാടിന്റെ ഭാഗമാകാതിരിക്കുന്നതിനുമാണ് തിരുക്കൊച്ചി സര്‍ക്കാര്‍ പത്രപരസ്യത്തിലൂടെ അര്‍ഹരെ തെരഞ്ഞെടുത്ത് ഒരാള്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും 1000 രൂപ വായ്പയും പണിയായുധങ്ങളും അനുവദിച്ച് 1800ഓളം കുടുംബങ്ങളെ കുടിയിരുത്തിയത്. അന്നെത്ത തിരുക്കൊച്ചി മുഖ്യമന്ത്രി പട്ടം എ. താണുപിള്ളയാണ് കര്‍ഷകരെ കുടിയിരുത്തിയത്. 1954ല്‍ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരമാണ് അന്നത്തെ കോട്ടയം ജില്ലയില്‍ പീരുമേട്, ദേവികുളം താലൂക്കുകളിലായി വ്യാപിച്ചു കിടന്നിരു കല്ലാര്‍ മുതല്‍ രാമക്കല്‍മേട് വരെയുള്ള വിവിധ പ്രദേശങ്ങളില്‍ കോളനി രൂപവത്കരിക്കാന്‍ തീരുമാനമായത്.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപവത്കരണം നടക്കുമ്പോള്‍ ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ മേഖലയായ ഹൈറേഞ്ച് കേരളത്തിനോട് ചേര്‍ത്ത് നിര്‍ത്തണമെന്ന ഉദ്ദേശ്യവും പദ്ധതിക്കുണ്ടായിരുന്നു. തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം എ. താണുപിള്ളയുടെ ദീര്‍ഘവീക്ഷണമായിരുന്നു കോളനി രൂപവത്കരണത്തിനു പിന്നില്‍. 1955 ജനുവരി 20നാണ് പട്ടം കോളനി രൂപവത്കൃതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.