തൊടുപുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു
ഇടുക്കി: ആദിവാസി ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിൽ ഭാഗീകമായിരുന്നു. പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. തൊടുപുഴയിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ ഭാഗീകമായി ഉച്ചക്കുശേഷം ഓടി. കെ.എസ്.ആർ.ടി.സി മുഴുവൻ സർവിസുകളും നടത്തി. ബലം പ്രയോഗിച്ചോ അല്ലാതെയോ വാഹനങ്ങൾ ഓടാതിരിക്കാനും കടകൾ അടപ്പിക്കാനും ഒരു നീക്കവും പ്രവർത്തകർ നടത്തിയില്ല.
പീരുമേട്ടിൽ ദേശീയപാത 183ൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ടാക്സി ഓട്ടോകളും പതിവുപോലെ ഓടി. ഏതാനും ഹോട്ടലുകൾ മാത്രം തുറന്നില്ല. ഹർത്താൽ പ്രഖ്യാപനത്തെ തുടർന്ന് ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. നെടുങ്കണ്ടം മേഖലയില്‍ ഭാഗികമായിരുന്നു ഹർത്താൽ. ഏതാനും ചില കടകള്‍ മാത്രമാണ് അടച്ചത്. ജീവനക്കാരുടെ എണ്ണം കുറവായിരുന്നുവെങ്കിലും സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കുട്ടികളുടെ ഹാജര്‍ നില കുറവായിരുന്നു. സ്വകാര്യ ബസുകള്‍ ഓടിയില്ല. ദീര്‍ഘദൂര സര്‍വിസുകള്‍ ഒഴികെ കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടി. ആശുപത്രികളിലും മറ്റും നല്ല തിരക്കായിരുന്നു. തൂക്കുപാലം, കരുണാപുരം, കമ്പംമെട്ട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളിലും ഹർത്താൽ സമാധാനപരമായിരുന്നു.
ജില്ല ആസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിച്ചു. സുപ്രീം കോടതി വിധി അനീതിയാണെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ വിധി മറികടക്കാൻ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുകയെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നതെന്ന് ഹർത്താലിന് നേതൃത്വം നൽകിയ രാജു സേവ്യർ, പി.എ. ജോണി, പി.സി. പീറ്റർ, കൊച്ചുരവി, നിവിൻ പള്ളിക്കുന്നേൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.