പീരുമേട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് തടയാൻ കാവലിരുന്നവരെ കബളിപ്പിച്ച് പുലർച്ചയോടെ കാട്ടാന കൃഷിഭൂമിയിൽ ഇറങ്ങി നാശം വിതച്ചു. ശനിയാഴ്ച പുലർച്ച തട്ടാത്തിക്കാനത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മതിലുകൾ പൊളിച്ച് കൃഷികൾ നശിപ്പിച്ചു. വാഴ, തെങ്ങ് തുടങ്ങിയവയാണ് പിഴുതും ചവിട്ടിയും നശിപ്പിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ ദേശീയപാതക്ക് സമീപമുള്ള പൈൻകാട്ടിലാണ് പിടിയാന എത്തിയത്. വനം വകുപ്പ് അധികൃതരും പ്രദേശവാസികളും ആനയെ തുരത്തിയെങ്കിലും വീണ്ടും ഏഴുമണിയോടെ എത്തി. പടക്കംപൊട്ടിച്ച് വീണ്ടും തുരത്തി. 8.30ന് ആന വീണ്ടും ദേശീയപാത മറികടന്ന് തട്ടത്തിക്കാനത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പടക്കംപൊട്ടിച്ച് മടക്കിയയച്ചു.
ഇതോടൊപ്പം വനം വകുപ്പിന്റെ ആർ.ആർ.ടി ടീമും മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും തട്ടാത്തിക്കാനം നിവാസികളായ ബിജു കാരികുന്നേൽ, അജി, സന്തോഷ്, അനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പടക്കം പൊട്ടിച്ചും പ്രകാശം തെളിച്ചും പുലർച്ച മൂന്നുവരെ റോഡിൽ കാവൽനിന്നു. ഈ സമയങ്ങളിൽ ആന എത്താതിരുന്നതിനാൽ ഇവർ വീടുകളിലേക്ക് മടങ്ങി. ഇതിനു ശേഷം 4.30ന് തട്ടാത്തിക്കാനം ജങ്ഷനിൽനിന്ന് 400 മീറ്റർ അകലത്തിൽ മരിയാഗിരി സ്കൂളിന് സമീപം വഴി തട്ടാത്തിക്കാനം ജനവാസ കേന്ദ്രത്തിൽ ഇറങ്ങുകയും നാശം വിതക്കുകയുമായിരുന്നു. മൂന്ന് വീടുകൾക്ക് സമീപം നിർമിച്ച മതിലുകളും തകർത്തു. കൃഷിയിടത്തിൽ കയറി കൃഷികൾ നശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.