തൊടുപുഴ: ഇത്തവണ മൺസൂൺ ആരംഭിച്ചത് മുതൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ 78 വീടുകൾക്കാണ് നാശം സംഭവിച്ചത്. ഭാഗികമായി 75 വീടുകൾ തകർന്നപ്പോൾ പൂർണമായി മൂന്ന് വീടുകളും ഇക്കാലയളവിൽ നിലംപൊത്തി. ചൊവ്വാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ അഞ്ച് വീടുകളാണ് ഭാഗികമായി തകർന്നത്. മരംവീണും കാറ്റിലുമാണ് കൂടുതൽ നാശമുണ്ടായത്. പലയിടത്തും കനത്ത കാറ്റും വീശുന്നുണ്ട്.
തോട്ടം മേഖലയിലടക്കം കാറ്റ് വലിയ ദുരിതം വിതക്കുന്നുണ്ട്. രണ്ട് ദിവസമായി ശക്തിപ്രാപിച്ചിരുന്ന മഴക്ക് ബുധനാഴ്ച നേരിയ ശമനം ഉണ്ടായിരുന്നു. അതേസമയം, ഇടുക്കി ജില്ലയിൽ ഇപ്പോഴും സാധാരണ ലഭിക്കുന്ന മഴയുടെ അളവ് വെച്ചു നോക്കിയാൽ 50 ശതമാനം കുറവാണെന്നാണ് കണക്കുൾ സൂചിപ്പിക്കുന്നത്. കാലവർഷം ഇത്തവണ ഏറ്റവും കുറഞ്ഞ തോതിലാണ് ജില്ലക്ക് ലഭിച്ചത്.
മൂന്നാർ: ദേവികുളം താലൂക്കിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന മഴയളവ് രേഖപ്പെടുത്തിയത് ബുധനാഴ്ച. 77.6 മില്ലിമീറ്റർ മഴയാണ് പെയ്തത്. മൂന്നാർ തോട്ടം മേഖലയിലാണ് താലൂക്കിൽ ഏറ്റവും കൂടുതൽ മഴപെയ്യുന്നത്. ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലും രണ്ടുദിവസമായി കനത്ത മഴയാണ്. പഴത്തോട്ടം റോഡിൽ ഉൾപ്പെടെ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും ഗതാഗത തടസ്സമില്ല.
ശക്തമായ കാറ്റാണ് ഈ മേഖലയിൽ. വൈദ്യുതി വിതരണം മുടങ്ങുന്നതാണ് വട്ടവടയിലെ മറ്റൊരു പ്രശ്നം. ചിന്നക്കനാൽ, സൂര്യനെല്ലി മേഖലയിൽ കനത്ത മഴയില്ലെങ്കിലും ആഞ്ഞുവീശുന്ന കാറ്റ് ഭീഷിണിയാണ്. ദേവികുളം ഗ്യാപ് റോഡിൽ പകൽ ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും അതീവ ജാഗ്രതയിലാണ് അധികൃതർ. ഈ സീസണിൽ ഇവിടെ രണ്ടുതവണ മലയിടിഞ്ഞിരുന്നു. രാത്രി ഗതാഗത നിരോധനം തുടരുന്ന ഗ്യാപ് റോഡിൽ രാവിലെ ആറു മുതൽ വൈകീട്ട് അഞ്ചുവരെ മാത്രമാണ് വാഹനങ്ങൾക്ക് യാത്രാനുമതി ഉള്ളത്. മുതിരപ്പുഴയാർ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും ഹെഡ് വർക്സ് ഡാം തുറന്നുവിട്ടിരിക്കുന്നതിനാൽ മൂന്നാർ ടൗണിൽ പ്രളയ ഭീഷിണിയില്ല.
മൂന്നാർ: പെരിയവരൈയിൽ മലമുകളിൽനിന്ന് പാറ അടർന്ന് റോഡിൽ പതിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സും പൊലീസും എത്തിയാണ് റോഡിൽനിന്ന് പാറകൾ നീക്കിയത്. മൂന്നുമാസം മുമ്പ് കൂറ്റൻപാറ അടർന്നുവീണ് കാർ തകരുകയും ഡ്രൈവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത ഭാഗത്തുതന്നെയാണ് വീണ്ടും അപകടം.
നെടുങ്കണ്ടം: ഉടുമ്പൻചോല ഗവ. ഹൈസ്കൂളിന്റെ മുറ്റത്ത് ഭീഷണി ഉയർത്തിനിൽക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ മരം കുട്ടികൾക്കും അധ്യാപകർക്കും ഭീതി ഉയർത്തുകയാണ്. കെട്ടിടത്തോട് ചേർന്നാണ് നിൽക്കുന്നത്. കൂട്ടികളെ സ്കൂളിലയക്കാൻപോലും രക്ഷിതാക്കൾ മടിക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അടിമാലി: കാറ്റിലും മഴയിലും മരം കടപുഴകി വീട് തകർന്നു. മാങ്കുളം പാമ്പുങ്കയം ചേലനാട്ട് മാത്യു വർക്കിയുടെ വീടാണ് തകർന്നത്. ബുധനാഴ്ച പുലർച്ചയാണ് സംഭവം. മരംവീഴുന്ന ശബ്ദംകേട്ട് മാത്യു വർക്കി വീട്ടിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം മരംവീണ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അടിമാലിയിൽനിന്നും ഫയർഫോഴ്സ് എത്തി നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.