മൂലമറ്റം: വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ബുധനാഴ്ച മാത്രം ഉയർന്നത് 2.14 അടി ജലമാണ്. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുപ്രകാരം 2329.56 അടി ജലമായിരുന്നു അവശേഷിച്ചിരുന്നത്. അത് ഇന്നലെ രാവിലെ 2331.7 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 31 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 14 ശതമാനം ജലമാണ് അണക്കെട്ടിൽ അവശേഷിച്ചത്.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ബുധനാഴ്ച 79.4 മില്ലീമീറ്റർ മഴ ലഭിച്ചു. വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ ആകെ 28 ശതമാനവും ജലസേചന വകുപ്പിന്റെ ഡാമുകളിൽ 40 ശതമാനവും ജലമാണ് അവശേഷിക്കുന്നത്.
വർഷകാലം തുടങ്ങി രണ്ടാഴ്ച പിന്നിട്ടെങ്കിലും കാര്യമായ മഴ ലഭിക്കാൻ തുടങ്ങിയത് ഈ ആഴ്ചയിലാണ്.
മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ജലസേചന വകുപ്പിന്റെ കീഴിലുള്ള ഒട്ടുമിക്ക അണക്കെട്ടിലും മഞ്ഞ അലർട്ട് പുറപ്പെടുവിക്കുകയും ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കിക്കളയാനും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാർ, കൊല്ലം കല്ലട, പത്തനംതിട്ട മണിയാർ, ഇടുക്കി മലങ്കര, എറണാകുളം ഭൂതത്താൻകെട്ട്, തൃശൂർ പീച്ചി, പാലക്കാട് ശിരുവാണി, കാഞ്ഞിരപ്പുഴ, മലമ്പുഴ, പോത്തുണ്ടി, മൂലത്തറ അണക്കെട്ടുകൾ, കോഴിക്കോട് കുറ്റ്യാടി, വയനാട് കാരാപ്പുഴ, കണ്ണൂർ ജില്ലയിലെ പഴശ്ശി അണക്കെട്ടുകളിലുമാണ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചത്. മലങ്കര അണക്കെട്ടിലെ ആറ് ഷട്ടറിൽ മൂന്നെണ്ണം ഒരു മീറ്റർ വീതം ഉയർത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.