തൊടുപുഴ: ജില്ലയില്‍ ഷവര്‍മ വിൽക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ നിര്‍മിക്കുകയും പഴകിയ മാംസം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന പരാതി ശക്തമായതിനെ തുടര്‍ന്നായിരുന്നു നടപടി.
26 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്പെഷല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് ജില്ലയിലെ ഒന്‍പത് സ്ഥാപനങ്ങളോട് ഷവര്‍മ ഉണ്ടാക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്കി. പത്ത് സ്ഥാപനങ്ങള്‍ക്ക് പിഴയടയ്ക്കാൻ നോട്ടീസ് നല്കി.
നിലവാരമില്ലാത്ത എട്ട് സ്ഥാപനങ്ങള്‍ക്ക് ഇത് മെച്ചെപ്പെടുത്താനുള്ള നോട്ടീസും നല്കി. ഗുണനിലവാരമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ച മറ്റ് രണ്ടു സ്ഥാപനങ്ങളും അടപ്പിച്ചു.
ഷവര്‍മ നിര്‍മാണം, വിതരണം എന്നിവ സംബന്ധിച്ച ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷവര്‍മ തയാറാക്കുന്ന ഇടങ്ങള്‍ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം. കാറ്റും പൊടിയും കയറുന്ന രീതിയില്‍ ഷവര്‍മ കോണുകള്‍ സ്ഥാപിക്കാന്‍ പാടില്ല. ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകളും ചില്ലറുകളും കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിപ്പിക്കാന്‍ എന്ന നിര്‍ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. ഷവര്‍മ തയാറാക്കുന്ന മാംസം ഗുണനിലവാരമില്ലാത്തതാണെന്ന പരാതിയും പലപ്പോഴും ഉയരാറുണ്ട്.
മയോണൈസിനായി പാസ്ചറൈസ് ചെയ്ത മുട്ടകളോ പാസ്ചറൈസ് ചെയ്ത മയോണൈസോ ഉപയോഗിക്കണമെന്നും രണ്ടു മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വെക്കരുതെന്നും നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.