ഇടുക്കി: ക്ഷീരകർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച സബ്സിഡി കാലിത്തീറ്റ പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് ആക്ഷേപം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഡയറി ഡിപ്പാർട്ട്മെൻറ് വഴി വിതരണം ചെയ്യുമെന്ന് അറിയിച്ച കാലിത്തീറ്റയാണ് അഞ്ചു മാസമായിട്ടും ലഭിക്കാത്തത്. അപേക്ഷ ഏപ്രിലിൽ സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രി വിതരണം നടത്തുമെന്നറിയിച്ച ആഗസ്റ്റിൽ കിട്ടിയില്ല. പ്രതീക്ഷയിൽ കാത്തിരുന്ന പല സംഘങ്ങളും ഒരുമാസമായി വേറെ കാലിത്തീറ്റ എടുത്ത് വിതരണം ചെയ്തിട്ടില്ല. ഒരോ ദിവസവും കാലിത്തീറ്റ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ക്ഷീരകർഷകർ രൊക്കം പണം നൽകി പൊതുവിപണിയിൽനിന്ന് വാങ്ങേണ്ട ഗതികേടിലാണ്. കാലിത്തീറ്റ വിലയുടെ മൂന്നിലൊന്ന് തുകയാണ് സബ്സിഡി നൽകുന്നത്.
അനുവദിച്ച ഒരോ ചാക്കിനും കർഷകൻ 800രൂപ നൽകണം. സംഘങ്ങളിൽനിന്ന് എടുക്കുന്ന കാലിത്തീറ്റ വില ഗഡുക്കളായി പാൽവിലയിൽനിന്ന് പിടിക്കുന്നതിനാൽ കർഷകർക്ക് ഏറെ ആശ്വാസമുണ്ടായിരുന്നു. സംഘങ്ങളിൽ ഒരുമാസം തന്നെ മൂന്നുപ്രാവശ്യം ലോഡ് എത്തുമായിരുന്നു. വിവിധ ക്ഷീരസംഘങ്ങളിൽ അതുകൊണ്ട് സൗജന്യ കാലിത്തീറ്റ പ്രതീക്ഷിച്ച് മറ്റു കാലിത്തീറ്റകൾ എടുക്കാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമാണ്.
കന്നുകാലികൾക്ക് കാലിത്തീറ്റ കൃത്യമായി നൽകാൻ കഴിയാത്തത്് പാൽ ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, സബ്സിഡി നൽകി വിതരണം ചെയ്യുന്ന കാലിത്തീറ്റ പ്രത്യേകം ചാക്കിലാക്കി മാറ്റി നിറക്കേണ്ടി വരുന്നതുകൊണ്ടാണ് കാലതാമസമെന്നാണ് മിൽമ ഫീഡ്സ് ഉദ്യോഗസ്ഥൻ പറയുന്നത്. ഹൈറേഞ്ചിലെ ക്ഷീരകർഷകരോട് ഉദ്യോഗസ്ഥർ കാണിക്കുന്ന അനീതിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.