തൊടുപുഴ: വേനൽ കനത്തതോടെ മലയോരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. പുഴകളും ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി.
കുടിവെള്ളത്തിന് ജനം നെട്ടോട്ടത്തിലായി. ജനപ്രതിനിധികൾ ലക്ഷങ്ങളുടെ പ്രഖ്യാപനങ്ങളും വാഗ്ദാനവുമൊക്കെ നടത്തുന്നുണ്ടെങ്കിലും അവ നടപ്പാക്കാത്തതും നടപ്പാക്കിയത് പ്രയോജനം ചെയ്യാത്തതുമാണ് ജില്ലയിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയാത്തതിന് പ്രധാന കാരണം.
വേനലിെൻറ തുടക്കത്തിൽതന്നെ ഈ വർഷം കുടിവെള്ള വിഷയം രൂക്ഷമാകുന്ന കാഴ്ചയാണ്. വരുംദിവസങ്ങളിൽ കടുത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങും. ജില്ലയിൽ പലയിടത്തും ജനം കുടിവെള്ളത്തിന് പമ്പ് ഹൗസ് ഉപരോധവും റോഡ് ഉപരോധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
മൂന്നാര്‍ കോളനിയിലും കുടിവെള്ളക്ഷാമം
മൂന്നാര്‍: മൂന്നാറിലെ വിവിധ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. മൂന്നാര്‍ കോളനി, ഇക്കാനഗര്‍, ഇരുപതുമുറി, ഇരുപത്തിയാറുമുറി, എം.ജി കോളനി എന്നിവിടങ്ങളിലാണ് കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നത്. മൂന്നാര്‍ പഞ്ചായത്തിെൻറ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ പലതും പാതിവഴിയില്‍ അവസാനിച്ചതോടെ പലയിടങ്ങളിലും വെള്ളം കിട്ടാത്ത സാഹചര്യമാണ്. മൂന്നാര്‍ കോളനില് മൂന്ന് ടാങ്കുകളാണ് പഞ്ചായത്ത് നേതൃത്വത്തില്‍ നിര്‍മിച്ചത്. ഇവിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, പദ്ധതി നടപ്പാക്കി മാസങ്ങള്‍ പിന്നിട്ടതോടെ പൈപ്പുകളിലെ വെള്ളം നിലച്ചു. ടാങ്കുകളില്‍ വെള്ളമെത്താതെ വന്നതോടെ പൈപ്പുകള്‍ പലതും മോഷണംപോയി. വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടിപ്പോകേണ്ട അവസ്ഥയാണ്. മൂന്നാറിലെ മുതിരപ്പുഴയിലും മുതിരപ്പുഴയില്‍ സംഗമിക്കുന്ന പ്രധാന പുഴകളിലും വെള്ളത്തിെൻറ അളവ് മൂന്നിലൊന്നായി കുറഞ്ഞു. ചൂടിെൻറ തോത് കൂടിയതും കുടിവെള്ളക്ഷാമത്തിന് കാരണമായിട്ടുണ്ട്.
മെല്ലെപ്പോക്കിൽ ജലജീവൻ മിഷൻ പദ്ധതി
തൊടുപുഴ: എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ വഴി കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച ജലജീവൻ മിഷൻ പദ്ധതി ഇഴയുന്നു. നൂറുകണക്കിന് കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി അപേക്ഷ നൽകി കുടിവെള്ള കണക്ഷനായി കാത്തിരിക്കുകയാണ്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ജലജീവൻ മിഷന് 2019ലാണ് തുടക്കംകുറിച്ചത്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ 2024 ആകുന്നതോടെ ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതിയുടെ 50 ശതമാനം തുക കേന്ദ്രസർക്കാറും 50 ശതമാനും സംസ്ഥാന സർക്കാറുമാണ് ചെലവഴിക്കുന്നത്. സംസ്ഥാന സർക്കാറിെൻറ വിഹിതത്തിൽ പത്തു ശതമാനം ഉപഭോക്താക്കളും 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകണം. ജില്ലയിൽ ശുദ്ധജല വിതരണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ, നിർമാണഘട്ടത്തിലുള്ള പദ്ധതികൾ, പുതിയ ജലപദ്ധതികൾ എന്നിവയിലൂടെ ബാക്കിയുള്ള വീടുകളിലും പുതിയ പൈപ്പ് കണക്ഷനുകൾ നൽകുന്നതാണ് പദ്ധതി.
നിലവിൽ ജില്ലയിലെ 52 പഞ്ചായത്തുകളിലെ മൂന്നുലക്ഷത്തോളം വീടുകളിൽ അറുപതിനായിരത്തോളം വീടുകളിൽ മാത്രമാണ് വാട്ടർ അതോറിറ്റിയുടെ ഗാർഹിക കണക്ഷനുകൾ ഉള്ളത്.
എന്നാൽ, ജില്ലയിലെ ഇരുപതോളം പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ വലിയ പദ്ധതികൾ നിലവിലില്ല. ഇവിടെ വാട്ടർ അതോറിറ്റിക്ക് പുറമെ ഭൂഗർഭ ജല അതോറിറ്റി, ജലനിധി എന്നിവയുടെയും സഹകരണം ഉറപ്പാക്കും. ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. നേരത്തേ കുടിവെള്ള ഗാർഹിക കണക്ഷനായി വാട്ടർ അതോറിറ്റിയിൽ അപേക്ഷ നൽകുകയായിരുന്നു പതിവ്.
എന്നാൽ, ജലജീവൻ പദ്ധതി പ്രകാരം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ നേരിൽകണ്ട് അപേക്ഷ സ്വീകരിക്കും. പഞ്ചായത്തുകൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ഇല്ലാത്തവരുടെ പട്ടിക വാട്ടർ അതോറിറ്റിക്ക് നൽകാം.
ഇത്തരത്തിൽ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിൽ ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അറുതിവരുത്താനാണ് ജലജീവൻ പദ്ധതിയിലൂെട ലക്ഷ്യംെവച്ചത്. എന്നാൽ, പദ്ധതി ജില്ലയിലെ കൂടുതൽ പഞ്ചായത്തുകളിലും പ്രാവർത്തികമാകാൻ കാലതാമസമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.