ഇടുക്കി: ജില്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മിഷന് ഇന്ദ്രധനുഷ് കാമ്പയിന് ആഗസ്റ്റ് ഏഴിന് തുടക്കമാകും. കാമ്പയിന്റെ ആദ്യഘട്ടത്തിന്റെ ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് മണിയാറന്‍കുടി ജനകീയ ആരോഗ്യകേന്ദ്രത്തില്‍ കലക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിക്കും.
അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഏതെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ സാധിക്കാതെ വന്നവര്‍ക്കും നേരത്തേ വാക്സിന് എടുക്കാന്‍ വിമുഖത കാണിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ഉറപ്പുവരുത്തുന്നതിനാണ് മിഷന് ഇന്ദ്രധനുഷ് കാമ്പയിന് സംഘടിപ്പിച്ചിരിക്കുന്നത്.
വാക്സിന് എടുക്കാത്ത കുട്ടികളിലും ഡോസുകള്‍ മുടങ്ങിയവരിലും ഡിഫ്തീരിയ പോലുള്ള രോഗങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്ഷയം, പോളിയോ, വില്ലന്‍ചുമ, ഡിഫ്തീരിയ, ടെറ്റനസ്, മീസില്‍സ്, റൂബല്ല, ഹെപ്പറ്റൈറ്റിസ്-ബി, റോട്ട വൈറസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുകയാണ് മിഷന് ഇന്ദ്രധനുഷ് കാമ്പയിന്റെ ലക്ഷ്യം. ആദ്യഘട്ടം ആഗസ്റ്റ് ഏഴു മുതല്‍ 12വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പതു മുതല്‍ 14 വരെയുമായിരിക്കും.
ഉദ്ഘാടന ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിക്കും. കോഴിമല രാജാവ് രാമന് രാജമന്നാന് വിശിഷ്ടാതിഥിയാകും. ഇടുക്കി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ് മുഖ്യപ്രഭാഷണം നടത്തും. ജില്ല ആര്.സി.എച്ച് ഓഫിസര്‍ ഡോ. സിബി ജോര്‍ജ്, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കെ. അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വാക്സിന് മുടങ്ങിയവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സജ്ജീകരണം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.