തൊടുപുഴ: ഓട്ടോ ഗാരേജില്‍നിന്ന് സ്പെയര്‍പാര്‍ട്സ് ഉള്‍പ്പെടെ സാധനങ്ങൾ മോഷ്ടിച്ചയാളെ വര്‍ക്ഷോപ് ഉടമ പിടികൂടി. ഒരാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സാഹസികമായി മോഷ്ടാവിനെ കുടുക്കിയത്. തൊടുപുഴ ആശിര്‍വാദ് തിയറ്ററിന് സമീപത്തെ ഓട്ടോ ഗാരേജില്‍ കവര്‍ച്ച നടത്തിയ അടിമാലി ഇരുന്നൂറേക്കര്‍ പാറപ്പിള്ളി അജയദാസിനെയാണ് (27) സ്ഥാപന ഉടമ മണക്കാട് കൊമ്പിക്കര ബിനു പിടികൂടിയത്. മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ പിടികൂടുന്നതിനിടെ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ഒമ്പതിനാണ് ഗാരേജില്‍നിന്ന് വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് ഉള്‍പ്പെടെ 75,000 രൂപയുടെ സാധനങ്ങള്‍ മോഷണംപോയത്. ബിനു തൊടുപുഴ പൊലീസിൽ പരാതി നല്‍കിയെങ്കിലും സംഭവദിവസം മുതല്‍ രാത്രി ഗാരേജിൽ കാവലിരിക്കുകയായിരുന്നു ബിനു. വീണ്ടും വര്‍ക്ഷോപ്പില്‍നിന്ന് സാധനങ്ങള്‍ കടത്താന്‍ മോഷ്ടാവ് എത്തിയേക്കുമെന്ന തോന്നലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനായി കുറെ സാധനങ്ങള്‍ വര്‍ക്ഷോപ്പില്‍ വെക്കുയും ചെയ്തു. ബിനുവിന്റെ കണക്കുകൂട്ടല്‍ പോലെ കഴിഞ്ഞ 18ന് പുലര്‍ച്ച അജയദാസ് കാറുമായി എത്തി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി.
ഇതോടെ സമീപത്ത് കാത്തിരുന്ന ബിനു അജയദാസിനെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍, രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ഇയാളുമായി മല്‍പ്പിടിത്തമായി. ബലപ്രയോഗത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അജയദാസിന് വീണ് തലക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ബിനുതന്നെ ഇയാളെ തൊടുപുഴ ജില്ല ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് അജയദാസിനെ പൊലീെസത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.