തൊടുപുഴ: കോവിഡിനെയും ലോക്ഡൗണിനെയും തുടർന്ന് ഗ്രാമീണ മേഖലകളിലേക്ക് മുടങ്ങിയ കെ.എസ്.ആർ.ടി.സി സർവിസുകളിൽ പലതും പുനരാരംഭിച്ചില്ല. ജനുവരി മുതൽ സർവിസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പലയിടത്തും ബസുകൾ ഓടിത്തുടങ്ങാത്തത് യാത്രാ ദുരിതം വർധിപ്പിക്കുകയാണ്. ജില്ലയിലെ ആറ് പ്രധാന ഡിപ്പോകളിലും സ്ഥിതി ഇതാണ്. ജീവനക്കാരുടെ കുറവ് മൂലം പല ഡിേപ്പാകളിലും രാവിലെ ബസുകൾ സർവിസിനയക്കാൻ ഉദ്യോഗസ്ഥർ പ്രയാസപ്പെടുകയാണ്.
തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആകെയുള്ള 52 സർവിസിൽ 33 എണ്ണം മാത്രമാണ് ഓടിക്കുന്നത്. പ്രധാനമായും കണ്ടക്ടർമാരുടെ കുറവാണ് സർവിസുകൾ മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.നിലവിൽ 50 കണ്ടക്ടർമാർ കൂടി ഉണ്ടെങ്കിൽ മാത്രമേ മുഴുവൻ സർവിസും ആരംഭിക്കാൻ സാധിക്കൂ. കുമളി ഡിപ്പോയിലും ആവശ്യത്തിന് ജീവനക്കാരില്ല. പകുതിയിലേറെ സർവിസുകൾ ഇവിടെ മുടങ്ങുകയാണ്.
54 സർവിസുള്ളതിൽ 23 എണ്ണമാണ് ഓടുന്നത്. 45 ഷെഡ്യൂളുകൾ ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യേണ്ടതാണ്. ഇതിനായി 110 ഡ്രൈവർമാരാണ് വേണ്ടത്. എന്നാൽ, 45 ഡ്രൈവർമാരാണ് ഉള്ളത്. കൂടുതൽ ഡ്രൈവർമാർ എത്തിയാൽ ഷെഡ്യൂളുകളുടെ എണ്ണം വർധിപ്പിക്കാനാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉൾപ്രദേശങ്ങളായ തേങ്ങാക്കൽ, ഉപ്പുതറ റൂട്ടുകളിലേക്കുള്ള സർവിസുകൾ ഇനിയും തുടങ്ങിയിട്ടില്ല. കെ.കെ. റോഡിൽ അഞ്ച് മിനിറ്റിെൻറ ഇടവേളയിൽ ഉണ്ടായിരുന്ന പല ബസുകളും സർവിസ് നടത്തുന്നില്ല.
കോവിഡിന് മുമ്പ് 40 സർവിസുകൾ ഓപറേറ്റ് ചെയ്തിരുന്ന കട്ടപ്പന ഡിപ്പോയിൽനിന്ന് നിലവിൽ 26 ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ഇതോടെ വരുമാനവും പകുതിയായി. ആകെ 52 ബസുകളാണ് ഡിപ്പോയിലുള്ളത്. ഇപ്പോൾ 59 കണ്ടക്ടർമാരും 89 ഡ്രൈവർമാരുമാണുള്ളത്. കൂടുതൽ സർവിസുകൾ ആരംഭിക്കണമെങ്കിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കണം.
കണ്ടക്ടർ ക്ഷാമം മൂലം മൂലമറ്റം ഓപറേറ്റിങ് സ്റ്റേഷനിലെ പകുതിയിലേറെ ബസുകൾ സർവിസ് നടത്തുന്നില്ല. 24 സർവിസുകളാണ് ഇവിടെ നടത്തിയിരുന്നത്. ഇപ്പോൾ 10 എണ്ണം മാത്രമാണുള്ളത്. നെടുങ്കണ്ടത്ത് നിന്ന് നിലവിൽ 8 സർവിസാണുള്ളത്. ഇവിടെയും ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ 15 കണ്ടക്ടർമാരും 26 ൈഡ്രവർമാരുമാണുള്ളത്.
ജില്ലയിൽ ഹൈേറഞ്ച് ഉൾപ്പെടെ പല പ്രദേശങ്ങളിലും കെ.എസ്.ആർ.ടി.സിയാണ് ആശ്രയം. ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചും മുടങ്ങിയ സർവിസുകൾ പുനഃസ്ഥാപിച്ചും യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.