തൊടുപുഴ: ഫാമിലെ 13 പശുക്കള്‍ വിഷബാധയേറ്റ് ചത്തത് മാത്യുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അറക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥി കിഴക്കേപ്പറമ്പില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇതോടെ പുതുവത്സരദിനം തീരാദുഃഖത്തിന്റയും ദിവസമായി മാറി. പശുക്കള്‍ പിടഞ്ഞുവീണ് മരിക്കുന്നത് നോക്കിനില്‍ക്കേണ്ടി വന്നത് മാത്യുവിനും കുടുബത്തിനും താങ്ങാൻ കഴിയുന്നതായിരുന്നില്ല. ഇത് തങ്ങളുടെ ചെറിയപിഴവുമൂലം സംഭവിച്ചതാണന്ന് ഓർത്തപ്പോഴേക്കും മാത്യു തളർന്നു വീണു.
പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ അമ്മ ഷൈനി, സഹോദരി റോസ്മേരി എന്നിവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാമില്‍ ആകെ ഉണ്ടായിരുന്നത് 22 പശുക്കളാണ്. ഇവയില്‍ എട്ട് വലിയ പശുക്കളും എട്ട് കിടാരികളും ആറു മൂരികളുമാണ് ഉണ്ടായിരുന്നത്. മൂന്നെണ്ണം ഗുരുതരാവസ്ഥയിലാണ്. ഇവയുടെ കാര്യത്തില്‍ വലിയപ്രതീക്ഷ വേണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കറവയുണ്ടായിരുന്നു അഞ്ചു പശുക്കളും ചത്തവയില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരത്തോടെ ഇവർ ആശുപത്രിയിൽനിന്ന് വീട്ടിലെത്തി. ഞായറാഴ്ച രാത്രിയോടെയാണ് കപ്പത്തൊലി തീറ്റയായി നല്‍കുന്നത്.
പശുക്കള്‍ അസ്വസ്ഥത കാണിച്ച ഉടൻ മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു. അനിമല്‍ ഡിസീസ് കണ്ട്രോള് പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. ലീന തോമസ് വിവിധ മൃഗാശുപത്രിയിലെ ഡേക്ടര്മാരായ ക്ലിന്റ്, ജോര്‍ജിയന്‍, ഗദാഫി ,ഷാനി തോമസ് ഉള്‍പ്പെടെ യുള്ളവര്‍ രാത്രി 9.30തോടെ എത്തി ചികില്‍സ നല്‍കിയെങ്കിലും പശുക്കളെ രക്ഷപ്പെടുത്താനായില്ല.
രാത്രി 12നുശേഷം പശുക്കള്‍ ഓരോന്നായി ചത്തു വീഴുകയായിരുന്നു. പശുക്കളെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുഴികുത്തി മൂടി. പി.ജെ. ജോസഫ് എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ്, സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീം കുമാർ എന്നിവര്‍ മാത്യുവിന്റെ വീട്ടിലെത്തി സന്ദർശിച്ചു.
തൊടുപുഴ: വെള്ളിയാമറ്റത്ത് പശുക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളായ ക്ഷീര കർഷകർക്ക് അടിയന്തര ധനസഹായം നൽകാൻ സർക്കാറും മിൽമയും തയാറാകണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ക്ഷീര വികസന മന്ത്രി ചിഞ്ചുറാണിയുമായി ജോസഫ് സംസാരിക്കുകയും വിദ്യാർഥികളുടെ വീട് സന്ദർശിക്കുകയും ചെയ്തു. ഈ കുടുംബത്തിന്റെ ഏകവരുമാനമാണ് നഷ്ടപ്പെട്ടത്. ഇവരെ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജോസഫ് മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം എം. ജെ. ജേക്കബും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.