തൊടുപുഴ: ജില്ലയിൽ 29 പഞ്ചായത്തുകളിൽ പൊതുശ്മശാനമില്ല. ഹൈറേഞ്ച് മേഖലകളിലും തോട്ടം മേഖലകളിലുമടക്കം പൊതുശ്മശാനങ്ങളുടെ അഭാവം വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. പലപ്പോഴും കിലോമീറ്ററുകളോളം മൃതദേഹം കൊണ്ടുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ വീട്ടുവളപ്പിൽ നടത്തുന്ന രീതിയാണ് ഗ്രാമങ്ങളിലും മറ്റും കൂടുതൽ. എന്നാൽ, ഭൂമി സംബന്ധമായ പരിമിതികളും ഉയർന്ന ജനസാന്ദ്രതയും വീട്ടുവളപ്പിലെ സംസ്കാര രീതികൾക്ക് അനുയോജ്യമാകാത്തതിനാൽ പലരും പൊതുശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൊതുശ്മശാനങ്ങളുടെ നിർമാണവും അവയുടെ പരിപാലനവും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, സ്ഥലലഭ്യതക്കുറവും ഭൂപ്രകൃതിയുടെ പ്രത്യേകതയുമാണ് ജില്ലയിലെ പല മേഖലകളിലും പൊതുശ്മശാനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. പ്രദേശവാസികളുടെയടക്കം എതിർപ്പും പ്രധാന തടസ്സങ്ങളിലൊന്നാണ്.
അടിമാലി ബ്ലോക്കിൽ ബൈസൺവാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിലും അഴുതയിൽ കൊക്കയാറും പെരുവന്താനവും ഇടുക്കി ബ്ലോക്കിൽ അറക്കുളം, കഞ്ഞിക്കുഴി, കാമാക്ഷി, മരിയാപുരം വാത്തിക്കുടി പഞ്ചായത്തുകളും ഇളംദേശം ബ്ലോക്കിന് കീഴിൽ ആലക്കോട്, കരിമണ്ണൂർ, കോടിക്കുളം, കുടയത്തൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളും കട്ടപ്പന ബ്ലോക്കിൽ ഇരട്ടയാർ, കാഞ്ചിയാർ, ഉപ്പുതറ പഞ്ചായത്തുകളും തൊടുപുഴയിൽ ഇടവെട്ടി, കുമാരമംഗലം, മണക്കാട്, മുട്ടം പഞ്ചായത്തുകളും ദേവികുളത്ത് ചിന്നക്കനാൽ, ദേവികുളം, ഇടമലക്കുടി, മാങ്കുളം, ശാന്തൻപാറ എന്നിവയും നെടുങ്കണ്ടം ബ്ലോക്കിൽ കരുണാപുരത്തുമാണ് പൊതുശ്മശാനമില്ലാത്തത്.
ശാന്തൻപാറയിൽ വൈദ്യുതി ശ്മശാനം തുടങ്ങുന്നതിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടുമ്പൻചോല എം.എൽ.എ എം.എം. മണി മുഖേന സമർപ്പിച്ച നിവേദനം പരിശോധിക്കുന്നതിന് ഡയറക്ടേറ്റിലേക്ക് കൈമാറിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാൻ നിർദേശവും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ പൊതുശ്മശാനം നിർമിക്കുന്നതിനായി പഞ്ചായത്ത് വകുപ്പ് മുഖേന ധനസഹായം അനുവദിക്കാൻ 2019-20വരെ തുക വകയിരുത്തിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ബജറ്റിൽ തുക വകയിരുത്തിയിട്ടില്ല. നിലവിൽ പൊതുശ്മശാനം നിർമിക്കുന്നതിനായി സ്ഥലം ലഭ്യമാക്കിയ പഞ്ചായത്തുകൾ അവക്ക് ലഭ്യമാകുന്ന വിവിധ ഫണ്ടുകൾ വിനിയോഗിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുശ്മശാനം നിർമിക്കുന്നതിനായി പദ്ധതി തയാറാക്കി വരുകയാണെന്ന് അധികൃതർ പറയുന്നു.
സംസ്ഥാനത്തെ 150 തദ്ദേശ സ്ഥാപനങ്ങളിൽ കിഫ്ബി ധനസഹായത്തോടെ ആധുനിക പൊതു ശ്മശാനം സ്ഥാപിക്കുന്നതിനായി 123 കോടിയുടെ ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്. ആധുനിക പൊതുശ്മശാനം നിർമിക്കുന്നതിനായി ഇംപാക്ട് കേരള മുഖേന ധനസഹായം ലഭ്യമാകുന്നതിന് അതത് പഞ്ചായത്തുകൾ അവരുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഇംപാക്ട് കേരളക്ക് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് അംഗീകരിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.