തൊടുപുഴ: വിവിധ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം തയാറാക്കിയ 1000 പട്ടയം ജില്ലതല പട്ടയ മേളയില്‍ വിതരണം ചെയ്തു. ഇടുക്കി ചെറുതോണി ടൗൺഹാളിൽ നടന്ന പട്ടയമേള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അർഹതപ്പെട്ട പട്ടയങ്ങൾ അനുവദിക്കുന്നതിൽ ഒരു രീതിയിലും വിട്ടുവീഴ്ചകാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
1000 പട്ടയം നേരിട്ട് നൽകാൻ കഴിയുന്നത് അഭിമാനനിമിഷമാണ്. ജില്ലയിൽ കഴിഞ്ഞ രണ്ടരവർഷംകൊണ്ട് നൽകിയത് 7458 പട്ടയമെന്നും മന്ത്രി അറിയിച്ചു. താലൂക്ക് ഓഫിസുകള്‍, വിവിധ ഭൂപതിവ് സ്പെഷല്‍ ഓഫിസുകള്‍ എന്നിവ മുഖേന തയാറാക്കിയ 1993ലെ ഭൂപതിവ് ചട്ടങ്ങള്‍, ജില്ലയിലെ അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിക്കുള്ള പട്ടയങ്ങള്‍, രാജീവ് ദശലക്ഷം പദ്ധതി പ്രകാരം ഹൗസിങ് ബോര്‍ഡ് ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയങ്ങള്‍, വനാവകാശ രേഖകള്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പട്ടയങ്ങള്‍ തുടങ്ങിയവയാണ് മേളയില്‍ വിതരണം ചെയ്തത്.
1993ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള 670 പട്ടയം, 1964 ചട്ടങ്ങള്‍ പ്രകാരമുള്ള 198, 35 എൽടി ക്രയസര്‍ട്ടിഫിക്കറ്റുകള്‍, 1995ലെ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള അഞ്ച് പട്ടയം, ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പ്രകാരമുള്ള 13 പട്ടയം, 79 വനാവകാശരേഖ എന്നിവയാണ് വിതരണം ചെയ്തത്.
പരിപാടിയിൽ ഡീന്‍ കുര്യാക്കോസ് എം.പി, വാഴൂര്‍ സോമന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ല പഞ്ചായത്ത് പൈനാവ് ഡിവിഷന് മെംബര്‍ കെ.ജി. സത്യന്, സബ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.