തൊടുപുഴ: ഇന്നവർക്ക് പ്രായമായെന്നേയുള്ളൂ. ഓർക്കുക, ഒരിക്കൽ നമ്മളെപ്പോലെ അവരും ചുറുചുറുക്കോടെ പാഞ്ഞുനടന്നവരാണ്. മക്കൾക്കും കുടുംബത്തിനും വേണ്ടി ഓടിയോടി തേഞ്ഞവരാണ്. വാർധക്യത്തിന്റെ അവശതകളിൽപെട്ട അവരെ താങ്ങിനിർത്തേണ്ടത് നമ്മുടെ കടമയാണ്. വയോജനങ്ങൾക്കുനേരെ കുടുംബത്തിനകത്തും പുറത്തും നിന്ന് അതിക്രമങ്ങൾ വർധിച്ചുവരുന്നു. ഇതിന് പ്രതിവിധിയായി വയോജനങ്ങളോടുള്ള അതിക്രമങ്ങള്ക്കെതിരെ ബോധവത്കരണ ദിനാചരണം ശനിയാഴ്ച ജില്ലയിലെ വിവിധയിടങ്ങളിലായി നടക്കും. വയോജനങ്ങളെ ചേർത്തുപിടിക്കാൻ സർക്കാർ വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ദിനത്തിൽ വയോജനങ്ങൾക്ക് പ്രയോജനം ലഭ്യമാക്കുന്ന ചില സർക്കാർ പദ്ധതികൾ ഇവയാണ്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള അർഹരായ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ ദന്തനിര നൽകുന്ന പദ്ധതി. പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവരും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലുള്ളവർക്കും അപേക്ഷിക്കാം. സാമൂഹികനീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ ദന്ത ഡോക്ടറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് സഹിതം suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ദന്തഡോക്ടറുടെ സർട്ടിഫിക്കറ്റ് മാതൃക സാമൂഹിക നീതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
മുതിർന്ന പൗരന്മാർക്കായി പഞ്ചായത്തുതല സേവനകേന്ദ്രം. 60 വയസ്സു കഴിഞ്ഞവർക്ക് പകൽ ഒത്തുകൂടാൻ ഈ സൗകര്യം ഉപയോഗിക്കാം. മാനസിക-ശാരീരിക ഉല്ലാസത്തിന് ഉതകുന്ന പ്രവർത്തനങ്ങളിലൂടെ ഒറ്റപ്പെടൽ ഒഴിവാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പകൽവീടുകൾക്ക് സായംപ്രഭ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹികനീതി വകുപ്പ് സേവനങ്ങൾ നൽകി വരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ട പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്ന ഗ്ലൂക്കോമീറ്റർ, ടെസ്റ്റ് സ്ട്രിപ് എന്നിവ സൗജന്യമായി നൽകുന്ന പദ്ധതി. പ്രമേഹ രോഗിയാണെന്ന് സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ നിർബന്ധം. സാമൂഹികനീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ (suneethi.sjd.kerala.gov.in) അപേക്ഷ സമർപ്പിക്കാം.
മറ്റാരും സംരക്ഷിക്കൻ ഇല്ലാത്ത സാമൂഹിക, സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാനുള്ള പദ്ധതി. ഉപേക്ഷിക്കപ്പെട്ടതോ, സംരക്ഷിക്കാൻ ബന്ധുക്കൾ ഇല്ലാത്തവരോ ആയ വയോജനങ്ങൾക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകൽ, അടിയന്തര ശസ്ത്രക്രിയ, ആംബുലൻസ്, പുനരധിവാസം, കെയർഗിവർമാരുടെ സേവനം, സഹായ ഉപകരണങ്ങൾ എന്നീ സേവനങ്ങൾ പദ്ധതി പ്രകാരം ലഭ്യമാകും. മേൽപറഞ്ഞ സേവനങ്ങൾ ലഭിക്കാൻ ജില്ല സാമൂഹിക നീതി ഓഫിസുമായാണ് ബന്ധപ്പെടേണ്ടത്.
സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സർക്കാർ വൃദ്ധസദനങ്ങളിലെ താമസക്കാർക്ക് ആയുർവേദ ചികിത്സ നൽകുന്ന പദ്ധതി.
സാമൂഹിക സുരക്ഷ മിഷൻ വഴി മെഡിക്കൽ പരിശോധനയും ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും നൽകുന്നതാണ് വയോമിത്രം പദ്ധതി. പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം, പാലിയേറ്റിവ് കെയർ സപ്പോർട്ട്, വയോജന ഹെൽപ് ഡെസ്ക് തുടങ്ങിയവ ഈ സംവിധാനം വഴി നടപ്പാക്കുന്നു. നിലവിൽ മുനിസിപ്പൽ പ്രദേശങ്ങളിലാണ് വയോമത്രം പദ്ധതി നടപ്പാക്കുന്നത്.
ഇടുക്കി: വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ജില്ല സാമൂഹിക നീതി വകുപ്പ് ശനിയാഴ്ച ബോധവത്കരണ ദിനാചരണം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തൊടുപുഴ, മൂലമറ്റം, ഇടുക്കി, ചെറുതോണി, കട്ടപ്പന, അടിമാലി തുടങ്ങി ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ വാഹന സന്ദേശ യാത്ര നടക്കും. തൊടുപുഴയിൽ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് ഫ്ലാഗ് ഓഫ് നിർവഹിക്കും. രാവിലെ 8.45ന് മുതലക്കോടം സ്നേഹാലയത്തിലെ താമസക്കാരുമായി ഒത്തുചേരലും ഉണ്ടാകും. ജില്ലയിലെ മുഴുവൻ അംഗൻവാടികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും പൊതുസ്ഥലങ്ങളിലും വയോജന അവകാശ സംരക്ഷണം, അവർക്കായുള്ള പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള പോസ്റ്റർ പ്രദർശനം, അംഗൻവാടികളിൽ മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. ജില്ലയിലെ സർക്കാർ ഓഫിസുകളിലും വിദ്യാലയങ്ങളിലും ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10.30ന് പ്രതിജ്ഞ ചൊല്ലാൻ കലക്ടർ ഷീബ ജോർജ് നിർദേശം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.