തൊടുപുഴ: ബസുകളുടെ അമിത വേഗതയെത്തുടർന്ന് അപകടഭീതിയിൽ ജനം. കെ.എസ്.ആർ.ടി.സിയെന്നോ സ്വകാര്യ ബസെന്നോ വ്യത്യാസമില്ലാതെ നഗരത്തിലും ഗ്രാമീണ റോഡുകളും കുതിച്ചുപായുന്ന ബസുകൾ കാൽനടയാത്രക്കാർക്കടക്കം ഭീതി വിതക്കുകയാണ്. വെള്ളിയാഴ്ച ബസ് ഇടിച്ച് അന്തർ സംസ്ഥാന തൊഴിലാളി മരണപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ബസുകൾക്ക് നഗരത്തിൽ പരമാവധി വേഗം 30 കിലോമീറ്ററാണ്. മിക്കപ്പോഴും ഇതിന്റെ ഇരട്ടി വേഗത്തിലാണ് ഓട്ടം.
മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസ് ഡ്രൈവർമാരെ ഈ മാസം പലതവണയായി തൊടുപുഴയിൽ ട്രാഫിക് പൊലീസ് പിടികൂടിയിരുന്നു. മറ്റുള്ളവരുടെ ജീവന് പുല്ലുവില കൽപ്പിച്ച് നഗരത്തിൽ പായുന്ന ബസുകൾക്ക് മൂക്കുകയറിടാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പല ബസുകളും റോഡിന്റെ നടുക്ക് നിർത്തിയാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും.
ഇതോടെ മുന്നിലൂടെയും പിന്നിലൂടെയും വരുന്ന വാഹനങ്ങൾക്ക് ചലിക്കാനാകാത്ത സ്ഥിതി വരും. നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണവും ഇതാണ്. പൊലീസും മോട്ടോർ വാഹന വകുപ്പും ഇവർക്ക് നേരെ കണ്ണടക്കുകയാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.