തൊടുപുഴ: രാവിലെ എഴുന്നേൽക്കുമ്പോൾ തണുപ്പ്. ഉച്ചയോടെ പൊള്ളുന്ന ചൂട്. ഇടക്ക് മഴയും കൂടിയായതോടെ കാലാവസ്ഥ വ്യതിയാനം ജനങ്ങളെ പ്രയാസപ്പെടുത്തിത്തുടങ്ങി. പനിയടക്കം പകർച്ചവ്യാധികൾ പലയിടത്തും തലപൊക്കിയിട്ടുണ്ട്. വൈറൽ പനിയും ഡെങ്കിയുമടക്കമുള്ളയാണ് കൂടുന്നത്. ആശുപത്രികളിൽ പനിയുമായെത്തുന്നവരുടെ തിരക്കും വർധിച്ചിട്ടുണ്ട്. പകൽ ചൂട് കൂടിയതിനെ തുടർന്ന് ഏലം കൃഷിക്കും മറ്റും നാശമുണ്ടാകുന്ന സാഹചര്യവുമുണ്ട്. വേനൽചൂട് കൂടിവരുന്നതിനെ തുടർന്ന് ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങിയതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മഞ്ഞും വെയിലും മഴയും മാറി മാറി വരുന്ന കാലാവസ്ഥയിൽ പനി ബാധിതരുടെ എണ്ണം വർധിച്ച് തുടങ്ങി. മിക്ക ആശുപത്രികളിലും ഒ.പിയിൽ വൈറൽ പനി ബാധിതരാണ് കൂടുതൽ എത്തുന്നത്. പനി മാറിയാലും ആഴ്ചകളോളം വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്.
രണ്ടാഴ്ചക്കിടെ 2819 പേരാണ് സർക്കാർ ആശുപത്രികളിൽ പനി ബാധിച്ചെത്തിയത്. ഈ മാസം 13 പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു. സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയവരുടെ കണക്കാണിത്. ചിക്കൻ പോക്സും കണ്ടു വരുന്നുണ്ട്. ഈ മാസം 27 പേർ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് പറയുന്നു.
സ്വകാര്യ ക്ലിനിക്കുകളിൽ രാവിലെയും വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ ക്ലിനിക്കുകളിൽ കൂടുതൽ പേരും എത്തുന്നത് പനിയും ചുമയും ബാധിച്ചാണ്. മഞ്ഞും മഴയും വെയിലും ഇടവിട്ട് വന്നതോടെയാണ് വൈറൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഇതിനിടെ ജില്ല ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ക്ഷാമവും നില നിൽക്കുന്നു. മരുന്നിന് ക്ഷാമമില്ലെന്ന് പറയുമ്പോഴും ആശുപത്രികളിൽനിന്ന് പുറേത്തക്ക് കുറിച്ച് നൽകുന്ന സ്ഥിതിയാണ്.
കട്ടപ്പന: കാലാവസ്ഥാ വ്യാതിയാനം കാർഷിക മേഖലക്കും തിരിച്ചടിയാകുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പും മഞ്ഞും കുറഞ്ഞത് ഏലകൃഷിക്ക് തിരിച്ചടിയായി. നല്ല തണുത്ത കാലാവസ്ഥയും മഞ്ഞും മഴയും ഏലത്തിന്റെ കായ് പിടുത്തതിന് അത്യാവശ്യമാണ്. ഇവർഷം കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം മൂലം തണുപ്പും മഞ്ഞും കുറഞ്ഞതിനൊപ്പം ചൂട് കൂടുകയും ചെയ്തു.
ശരാശരി ആറ് ഡിഗ്രി മുതൽ 20 ഡിഗ്രി വരെ തണുത്ത കാലാവസ്ഥയാണ് ഈ കാലയളവിൽ ഹൈറേഞ്ചിൽ അനുഭവപ്പെടുന്നത്. ഈ വർഷം ശരാശരി 15 ഡിഗ്രിക്കും 34 ഡിഗ്രിക്കും ഇടയിലാണ് കാലാവസ്ഥ. ഇത് കാർഷിക മേഖലയിൽ പൊതുവെ വിളവുകളെ ബാധിക്കും. ഇടക്ക് ലഭിച്ച മഴയാണ് ഏലകൃഷിക്ക് കുറച്ചെങ്കിലും ആശ്വാസമായത്. ഏലം വിളവ് വർധിക്കുന്നതിൽ തണുപ്പും മഞ്ഞും ചെറിയ മഴയും അത്യാവശ്യ ഘടകങ്ങളാണ്.
മഞ്ഞും തണുപ്പും റബർ ഉല്പാദനത്തിലും അനുകൂല ഘടകമാണ്. എന്നാൽ ഇപ്പോൾ ഹൈറേഞ്ചിൽ അനുഭവപ്പെടുന്ന തുടർച്ചയായ കാറ്റ് എല്ലാ കൃഷിവിളകൾക്കും നാശമുണ്ടാക്കും. കുരുമുളക് ചെടികളുടെ താങ്ങുകാലുകൾ പിഴുതുവീണും കാറ്റിൽ ഏലച്ചെടികളുടെ തട്ടകൾ ഒടിഞ്ഞുവീണും കൃഷി നശിക്കുന്നുണ്ട്. മഞ്ഞുവീഴ്ചയും തണുപ്പും മഴയും കുറഞ്ഞത് ജലസ്രോതസ്സുകൾ പെട്ടെന്ന് വറ്റുന്നതിനും കാർഷിക മേഖലയിൽ ചൂട് വർധിക്കുന്നതിനും ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.