തൊടുപുഴ: മഞ്ഞും വെയിലും എത്തിയതോടെ പനി ബാധിതരുടെ എണ്ണം വർധിച്ചു. മിക്ക ആശുപത്രിയിലും ഒ.പിയിൽ വൈറൽ പനി ബാധിതരാണ് കൂടുതൽ എത്തുന്നത്. പനി മാറിയാലും വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്. കുട്ടികൾക്കിടയിലും പനി വ്യാപകമാകുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ ഒന്നു മുതൽ 25വരെ മാത്രം 7740 പേരാണ് പനിബാധിച്ച് ആശുപത്രിയിലെത്തിയത്.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം എത്തിയവരുടെ കണക്കാണിത്. ഇതുകൂടാതെ ചിക്കൻപോക്സും കണ്ടുവരുന്നുണ്ട്. ഈ മാസം 44 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
സ്വകാര്യആശുപത്രികളിലും ക്ലിനിക്കുകളിലും ഏറെപ്പേർ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്ക്. സ്വകാര്യ ക്ലിനിക്കുകളിൽ രാവിലെയും വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ ക്ലിനിക്കുകളിൽ കൂടുതൽ പേരും എത്തുന്നത് പനിയും ചുമയും ബാധിച്ചാണ്. ഒരു മാസത്തിനിടെ തന്നെ രണ്ടും മൂന്നും തവണ കുട്ടികൾക്ക് പനി ബാധിക്കുന്ന സാഹചര്യമുണ്ട്. മുതിർന്നവർക്കടക്കം വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു.
മഞ്ഞും മഴയും വെയിലും ഇടവിട്ട് വന്നതോടെയാണ് വൈറൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശക്തമായ പനിയാണ് ഇപ്പോൾ കണ്ടുവരുന്ന വൈറൽ പനിയുടെ ലക്ഷണം. കടുത്ത ചുമയും കഫക്കെട്ടും ഇതിനോട് അനുബന്ധമായി വരുന്നു. പേശിവേദനയും തലവേദനയും പനി ബാധിതർക്ക് ഉണ്ടാകുന്നുണ്ട്. പനി ബാധിച്ചാൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും ഈ മാസം വർധനയുണ്ട്. മൂന്നാഴ്ചക്കിടെ 11 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. കൊതുക് വളരാനുള്ള സാഹചര്യം വീടുകളിലോ പരിസരത്തോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വീടിനകത്തും പുറത്തും പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, കളിപ്പാട്ടങ്ങൾ, റബർ ടാപ്പിങ് ചിരട്ടകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ ഒരാഴ്ച തുടർച്ചയായി വെള്ളം കെട്ടിക്കിടക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകും.
അതിനാൽ ഇത്തരം സാഹചര്യം ഒഴിവാക്കാനുള്ള ശ്രദ്ധ നൽകണം. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.